
കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം കേന്ദ്രസർക്കാർ പദ്ധതിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട സ്‌ത്രീ കഴിയുന്നത് ദരിദ്രമായ ചുറ്റുപാടിലെന്ന് കണ്ടെത്തൽ. ഒരു വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. വീട്ടിൽ ശുചിമുറി പോലുമില്ല. പ്രധാനമന്ത്രിയുടെ ഭവനനിർമ്മാണ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന(പി.എം.എ.എസ്)യുടെ ബംഗാളിലെ പത്രങ്ങളിൽ വന്ന പരസ്യത്തിൽ കണ്ട ലക്ഷ്‌മീ ദേവി എന്ന ബംഗാളിലെ ബൗബസാർ മേഖലയിലെ താമസക്കാരിയായ സ്‌ത്രീയാണ് വാടക വീട്ടിൽ കഴിയുന്നത്.
പരസ്യത്തിൽ കാണുന്ന വീട്ടമ്മ താൻതന്നെയാണെന്നും എന്നാൽ ഈ പരസ്യത്തെകുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും ലക്ഷ്‌മീ ദേവി പറഞ്ഞു. ബംഗാളിൽ 24 ലക്ഷം കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ സ്‌കീമിൽ നിന്നും ആനുകൂല്യം ലഭിച്ചെന്നാണ് പരസ്യം. പി.എം.എ.എസ് പദ്ധതി പ്രകാരം തനിക്ക് വീട് ലഭിക്കില്ലെന്നും ലക്ഷ്‌മീ ദേവി അറിയിച്ചു.
ആറുപേരടങ്ങുന്ന ലക്ഷ്‌മീ ദേവിയുടെ കുടുംബം അഞ്ഞൂറ് രൂപ പ്രതിമാസ വാടകയ്‌ക്കാണ് വാടകവീട്ടിൽ കഴിയുന്നത്. വീട്ടിനുളളിൽ കുട്ടികളും പുറത്ത് തെരുവിൽ മുതിർന്നവരും അന്തിയുറങ്ങുകയാണ് പതിവെന്നും ഇവർ പറഞ്ഞു. ഒരു മെത്തയും മേശയായി പഴയൊരു ഫ്രിഡ്‌ജുമാണ് ഉപയോഗിക്കുന്നത്. തന്റെ ചിത്രം ആരാണ് എടുത്തതെന്ന് അറിയില്ലെന്നും അടുത്ത് ഒരു സമ്മേളനത്തിന് ശുചിമുറികൾ വൃത്തിയാക്കാൻ പോയപ്പോൾ എടുത്തതാകുമെന്ന് കരുതുന്നതായാണ് ലക്ഷ്‌മീ ദേവി പറയുന്നത്. സംഭവത്തെ കുറിച്ച് ബംഗാളിലെ ബിജെപി ഘടകങ്ങൾ പ്രതികരിച്ചിട്ടില്ല.