
ആദ്യസിനിമയായ 'ഒറ്റമുറിവെളിച്ചത്തി' ലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയാണ് രാഹുൽ റിജി നായർ മലയാള സിനിമയിലെ സംവിധായിക നിരയിൽ സ്ഥാനമുറപ്പിച്ചത്.ദേശിയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ രാഹുൽ റിജി നായർ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കള്ളനോട്ടം മലയാളത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ''തികച്ചും പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത ചിത്രമാണ് കള്ളനോട്ടം. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത സ്ക്രീൻ ലൈഫ് ഫോർമാറ്റിൽ ഒരുക്കിയ ചിത്രം. ഒരു കാമറയാണ് കള്ളനോട്ടത്തിലെ ഹീറോ. ചെറിയ കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങുന്ന നിഷ്കളങ്കമായ ചില വികൃതികൾ മുതിർന്നവരിലേക്ക് എത്തുമ്പോൾ ഈ ലോകത്തിന്റെ ചില കാപട്യങ്ങളിലേക്കാണ് കാമറ സഞ്ചരിക്കുന്നത്. സദാചാര വിഷയങ്ങളും അതേ പോലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുമെല്ലാം ഈ ചിത്രം സംസാരിക്കുന്നു. ടോബിൻ തോമസാണ് കാമറ കൈകാര്യം ചെയ്തത്.""രാഹുൽ പറഞ്ഞു. ഒറ്റമുറി വെളിച്ചെത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി നോ ബ്രെയിൻ കോമഡി ജോണറിൽ ഡാകിനി എന്ന ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത ആദ്യ കൊമേർഷ്യൽ ചിത്രം. ഖൊ ഖൊ എന്ന സ്പോർട്സ് ചിത്രമാണ് ഇനി രാഹുലിന്റെ സംവിധാനത്തിൽ റീലിസിനൊരുങ്ങുന്ന ചിത്രം.