parambir-singh-

മുംബയ്: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ താൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മുംബയ് പൊലീസ് ചീഫ് പരംബീർ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സ്ഥലം മാറ്റത്തിലും നിയമനത്തിലും മന്ത്രി തെറ്റായ ഇടപടൽ നടത്തിയതായ റിപ്പോർട്ടിൻമേൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ദേശ്മുഖിന്റെ താമസസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പരംബീറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്‌തഗി കോടതിയിൽ ഹാജരാകും.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് മുംബയ് പൊലീസ് കമ്മിഷണർ സ്ഥാനത്തു നിന്നും പരംബീർ സിംഗിനെ പുറത്താക്കിയത്. ഇതിനു പിന്നാലെ അനിൽ ദേശ്‌മുഖിനെതിരെ വൻ അഴിമതിയാരോപണം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നൽകിയ കത്തിലാണ് മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസിൽ പുറത്താക്കിയ സച്ചിൻ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്ന് പരംബീർ ആരോപിച്ചു.

റസ്റ്റാറന്റുകൾ, പബ്ബുകൾ, ബാറുകൾ, പാർലറുകൾ എന്നിവയിൽ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നൽകാൻ സച്ചിൻ വാസെയോട് മന്ത്രി ഫെബ്രുവരിയിൽ ആവശ്യപ്പെട്ടെന്നും നിരവധി സന്ദർഭങ്ങളിൽ കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങൾ എൻ.സി.പി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആരോപണം നിഷേധിച്ച മന്ത്രി പരംബീർ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.