
ന്യൂഡൽഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിൽ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദിവ്യാൻഷ് സിംഗ് പൻവാർ - ഇളവേണിൽ വലരിൻ സഖ്യം സ്വർണം നേടി. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇവരുടെ സ്വർണ നേട്ടം.
ഫൈനലി ൽ ഹങ്കറിയുടെ ഇസ്വാൻ പെനി- എക്സർ ഡെനസ് സഖ്യത്തെയാണ് ദിവ്യാൻഷ് -ഇളവേണിൽ സഖ്യം 16-10ന് വീഴ്ത്തിയത്. അമേരിക്കയുടെ ലൂക്കാസ് കോസെനിസ്കി - മേരി കരോളിൻ ടക്കർ സഖ്യം വെങ്കലം സ്വന്തമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനലിൽ 10-10ന് ഒരുഘട്ടത്തിൽ സമനിലയിലായിരുന്നതിൽ നിന്നാണ് ദിവ്യാൻഷ് - ഇളവേണിൽ സഖ്യം സ്വർണത്തിലേക്ക് മുന്നേറിയത്. 10 മീറ്രർ എയർ റൈഫിളിൽ ലോക ഒന്നാം റാങ്കുകാരനായ ദിവ്യാൻഷ് നേരത്തേ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു.