election-commission

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായ് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് കണ്ടെത്തിയത്.

ഇരട്ടവോട്ട് ആദ്യമായി സംഭവിക്കുന്നതല്ലെന്നും കാലാകാലങ്ങളായുള്ളതാണെന്നും മീണ പറഞ്ഞു. ബി.എൽ.ഒമാർ പരിശോധിക്കാത്തത് പ്രശ്നമായി. സംസ്ഥാനത്തിന് പുറത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. തവനൂരിൽ ചൂണ്ടിക്കാട്ടിയ പരാതികളിൽ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700, കാസർകോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. ഇക്കാര്യത്തിൽ അന്വേഷണം മുന്നോട്ടുപോകും. ഒന്നും മറച്ചുവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 20നു ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഒൻപത് ലക്ഷം അപേക്ഷയാണു കമ്മിഷനു കിട്ടിയത്. കൊവിഡായതിനാൽ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കു നേരിട്ടു വീടുകളിൽപോയി പരിശോധന നടത്താൻ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയത്. സോഫ്റ്റുവെയറിലെ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. കാസർകോട് ഒരു വോട്ടർക്ക് അഞ്ച് കാർഡ് ലഭിച്ചു. അതിൽ നാലു കാർഡുകൾ നശിപ്പിച്ചു. കാർഡുകൾ നൽകിയ അസി. ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്തു. അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.