
ഇൻഷ്വറൻസ് മേഖലയിൽ ഇനി 74 ശതമാനം വിദേശ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പരിധി നിലവിലെ 49 ശതമാനത്തിൽ നിന്ന് 74 ശതമാനമാക്കാനുള്ള 'ഇൻഷ്വറൻസ് ഭേദഗതി ബിൽ - 2021" ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുയർന്നെങ്കിലും കഴിഞ്ഞദിവസം ശബ്‌ദവോട്ടോടെ രാജ്യസഭയും ബിൽ പാസാക്കിയിരുന്നു.
പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളിലെ ജീവനക്കാരുടെ അവകാശങ്ങൾ ഇല്ലാതാകുമെന്നും ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥത വിദേശ കമ്പനികൾക്ക് ലഭിക്കാൻ വ്യവസ്ഥയുള്ള ബിൽ സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും ഉൾപ്പെടെയുള്ള പ്രതിപക്ഷ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് രാജ്യസഭയിൽ ബിൽ കേന്ദ്രം പാസാക്കിയത്. രാജ്യത്തെ ഇൻഷ്വറൻസ് മേഖലയെ ശക്തിപ്പെടുത്താനും ഇൻഷ്വറൻസ് പരിരക്ഷാ വ്യാപനം കൂടാനും ഭേദഗതി സഹായിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
പൊതുമേഖലയുമായോ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനുമായോ (എൽ.ഐ.സി) ബില്ലിന് ബന്ധമില്ല. സ്വകാര്യ കമ്പനികൾക്ക് മൂലധന ലഭ്യത കൂട്ടുകയാണ് ബില്ലിന്റെ പ്രഥമ ലക്ഷ്യം. ധനകാര്യ മേഖലയെ (ഇൻഷ്വറൻസ്, ബാങ്കിംഗ്) നാലു സുപ്രധാന വിഭാഗങ്ങളിലൊന്നായാണ് കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകളിൽ പൊതുമേഖലാ കമ്പനികളുടെ സാന്നിദ്ധ്യം ശക്തമായി തുടരും. രാജ്യത്ത് ഇൻഷ്വറൻസ് പരിരക്ഷ വ്യാപിപ്പിക്കേണ്ട അനിവാര്യമായ സാഹചര്യമാണുള്ളത്. ഇതിൽ, സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല. സ്വകാര്യ മേഖലയിൽ നിക്ഷേപം ഉയരുമ്പോൾ സ്വാഭാവികമായും ഉപഭോക്താക്കൾക്ക് കൂടുതൽ ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഇത്, ഇൻഷ്വറൻസ് വ്യാപനം കൂട്ടും.
പൊതുമേഖലയിലെ മാത്രമല്ല, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തവും സർക്കാരിനുണ്ട്. പൊതുമേഖലാ ഇൻഷ്വറൻസ് രംഗത്ത് 17 ലക്ഷം പേരാണ് (ഏജന്റുമാർ, ജീവനക്കാർ) ജോലി ചെയ്യുന്നത്. ഇതിനേക്കാൾ ഏഴുലക്ഷം പേർ അധികമുണ്ട് (24 ലക്ഷം) സ്വകാര്യമേഖലയിലെന്നും ധനമന്ത്രി പറഞ്ഞു.
ഉപഭോക്താക്കൾ
ആശങ്കപ്പെടേണ്ട
ഇൻഷ്വറൻസ് രംഗത്ത് വിദേശ നിക്ഷേപപരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തിയതിൽ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പോളിസി ഉടമകളുടെ പണം ഇന്ത്യയിൽ തന്നെയാകും സൂക്ഷിക്കുക, കമ്പനികളുടെ ലാഭത്തിന്റെ മുഖ്യപങ്കും ഇന്ത്യയിൽ തന്നെ വിനിയോഗിക്കും. ലാഭത്തിന്റെ നിശ്‌ചിത ശതമാനം കരുതൽ ധനമായും സൂക്ഷിക്കണം.
ഇൻഷ്വറൻസ് റെഗുലേറ്റർമാരായ ഐ.ആർ.ഡി.എ.ഐ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾക്ക് ശേഷമാണ് ബിൽ കൊണ്ടുവന്നത്. വിദേശ നിക്ഷേപപരിധി ഉയർത്തിയെങ്കിലും കമ്പനിയിലെ ബോർഡിലും മാനേജ്‌മെന്റിലും കൂടുതലും ഇന്ത്യക്കാരായിരിക്കുമെന്നും നിർമ്മല പറഞ്ഞു.
3.6%
ഇന്ത്യയിൽ ലൈഫ് ഇൻഷ്വറൻസ് ഉള്ളവർ ജനസംഖ്യയുടെ 3.6 ശതമാനം മാത്രമാണ്. 7.13 ശതമാനമാണ് ആഗോള ശരാശരി.
26%
2015ലാണ് കേന്ദ്രസർക്കാർ ഇൻഷ്വറൻസ് മേഖലയിലെ എഫ്.ഡി.ഐ പരിധി 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയത്.
₹26,000 കോടി
2015 മുതൽ ഇതുവരെ ഇന്ത്യൻ ഇൻഷ്വറൻസ് മേഖല നേടിയ എഫ്.ഡി.ഐ 26,000 കോടി രൂപയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇക്കാലയളവിൽ കമ്പനികളുടെ ആസ്‌തി (എ.യു.എം) 76 ശതമാനവും വർദ്ധിച്ചു.