kangana

മുംബയ്: ഹിമാചൽ പ്രദേശിലെ സൂരജ്പൂരിൽ ജനിച്ച ആ ചുരുണ്ടമുടിക്കാരി ഒരിക്കലും കരുതിയിരുന്നില്ല വർഷങ്ങൾ കഴിയുമ്പോൾ താൻ ബോളിവുഡിന്റെ റാണിയാകുമെന്ന്. നിശ്ചയദാർഢ്യവും അർപ്പണബോധവും കൈമുതലാക്കി അഭിനയരംഗത്ത് മിന്നും വിജയം കരസ്ഥമാക്കിയ കങ്കണ റണാവത്തെന്ന ആ ചുരുണ്ടമുടിക്കാരിയുടെ ബോളിവുഡിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. മാതാപിതാക്കളുടെ സമ്മതമോ കാര്യമായ ലക്ഷ്യങ്ങളോ ഇല്ലാതെ ഡൽഹിയിൽ എത്തിയതോടെയാണ് അവളുടെ ജീവിതം മാറി മറിഞ്ഞത്. നാടകവും മോഡലിംഗുമൊക്കെയായി ഡൽഹിയിൽ ജീവിച്ച കങ്കണ പിന്നീട് ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനായി മുംബയിലെത്തി. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 2004ൽ പുറത്തിറങ്ങിയ അനുരാഗ് ബസു ചിത്രം ഗ്യാംഗ്സ്റ്ററിൽ കങ്കണയ്ക്ക് നായിക പദവി ലഭിച്ചു. ചിത്രം വലിയ ഹിറ്റായി മാറി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച കങ്കണയ്ക്ക് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെയുള്ളവ ലഭിച്ചു. എന്നാൽ, പിന്നീടഭിനയിച്ച ചിത്രങ്ങൾ ബോക്സോഫീസിൽ തകർന്നടിഞ്ഞത് കങ്കണയ്ക്ക് തിരിച്ചടിയായി. സ്വജനപക്ഷപാതം കൊടിക്കുത്തിവാഴുന്ന ബോളിവുഡിൽ കങ്കണ തീർത്തും ഒറ്റപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമില്ലാതിരുന്നതും തിരിച്ചടിയായി. ഇതിനിടെ തമിഴ് -തെലുങ്കു ചിത്രങ്ങളിലും കങ്കണ ഭാഗ്യ പരീക്ഷണം നടത്തി.

 തിരിച്ചുവരവ്

2008ൽ പുറത്തിറങ്ങിയ ഫാഷൻ എന്ന ചിത്രത്തിലെ ഷോണാലി ഗുജ്രാൾ എന്ന കഥാപാത്രം കങ്കണ അവിസ്മരണീയമാക്കി. ചിത്രത്തിലെ

അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാർഡ് കങ്കണ സ്വന്തമാക്കി. 2010ൽ പുറത്തിറങ്ങിയ

തനു വെഡ്സ് മനു എന്ന ചിത്രം കങ്കണയെ ബോളിവുഡിന്റെ പ്രിയതാരമാക്കി. പിന്നീട്, 2014ൽ പുറത്തിങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം കങ്കണ സ്വന്തമാക്കി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ തനു വെഡ്സ് മനു റിട്ടേൺസിലൂടെ കങ്കണ മൂന്നാമതും ദേശീയ പുരസ്കാരത്തിൽ മുത്തമിട്ടു. മണികർണികയിലെയും പങ്കയിലെയും അഭിയനയത്തിലൂടെ വീണ്ടും ദേശീയ പുരസ്കാരം കങ്കണയ്ക്ക് ലഭിച്ചപ്പോൾ അത് അവർക്ക് അർഹതപ്പെട്ടതാണെന്നതിൽ സംശയമില്ല.

 നിലപാടുകൾ

സർക്കാർ പുരസ്കാരമൊഴികെയുള്ളവയൊന്നും സ്വീകരിക്കാൻ ഇപ്പോൾ കങ്കണ എത്താറില്ല. അവാർഡ് ഷോകളിൽ പങ്കെടുക്കാറുമില്ല. ബോളിവുഡിൽ നിന്നേറ്റ തിരിച്ചടികളാണ് കങ്കണയുടെ ഈ തീരുമാനത്തിന് പിന്നിൽ. പരസ്യത്തിൽ അഭിനയിക്കുന്നതും അവർ ഒഴിവാക്കി. സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും തന്റെ നിലപാടുകൾ ഉറക്കെ വിളിച്ച് പറയാനും തനിയ്ക്ക് ഇഷ്ടമില്ലാത്തവരെ വിമർശിക്കാനും കങ്കണ മടിക്കാറില്ല. കടുത്ത ബി.ജെ.പി അനുഭാവി കൂടിയാണവർ.