
റിയാദ് : സൗദിയിൽ എത്തുന്ന വിദേശികളായിട്ടുള്ള എല്ലാ ഹജ്ജ് തീർഥാടകർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തിരിക്കണം എന്ന് നിർബന്ധമാക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പ്രവേശിക്കുന്നതിന് ഒരാഴ്ച മുൻപ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തിരിക്കണം. കൂടാതെ ഈ വർഷം ഹജ്ജുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രവർത്തിക്കുന്ന എല്ലാവരും രാജ്യത്ത് അംഗീകരിച്ച കൊറോണ വാക്സിൻ രണ്ട് ഡോസുകൾ എടുത്തിരിക്കണം. വിദേശ തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, ആർ.ടിപി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ആയിരത്തോളം പേർ മാത്രമാണ് ഹജ്ജ് ചെയ്തത്. എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പുറത്ത് വിട്ടു. അതേ സമയം സൗദിയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം ഇവർ കയ്യിൽ കരുതേണ്ടതാണ്. സൗദിയിലെത്തിയാൽ 72 മണിക്കൂർ ക്വാറൻറൈൻ പൂർത്തിയാക്കുകയും, ഇതിൽ 48 മണിക്കൂർ പൂർത്തിയാകുമ്പോൾ വീണ്ടും കോവിഡ് പരിശോധന നടത്തുകയും വേണം. ഈ വർഷം മുതൽ ഹജ്ജിൽ പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 നും 60 നും ഇടയിൽ മാത്രമാക്കി പരിമിതപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചു.