krishnakumar

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. ബിജെപി സ്ഥാനാർത്ഥിയുടെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് യൂത്ത് കോൺഗ്രസ് തങ്ങളുടെ പരാതിയിലൂടെ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്തെ മുട്ടത്തറ, വലിയശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ പ്രചാരണ ബോർഡുകൾ വച്ചിരിക്കുന്നത്. ബോർഡിന്റെ മുകൾഭാഗത്ത് ഇടതുവശത്താണ് ക്ഷേത്രത്തിന്റെ ചിത്രം കാണുന്നത്. പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മതചിഹ്നവും മറ്റും ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാണ് യൂത്ത് കോൺഗ്രസ് തങ്ങളുടെ പരാതിയുടെ ആരോപിക്കുന്നത്. സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്നും ബോർഡുകൾ നീക്കം ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നും യുവജന സംഘടന അഭ്യർത്ഥിക്കുന്നു. വിഷയത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രതികരിച്ചിട്ടില്ല.