
തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സാരമായി പൊള്ളലേറ്റ ഇവരുടെ മകളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല നെടുമ്പ്രം പഞ്ചായത്ത് നാലാം വാർഡിൽ ആലപ്പാട്ട് ഭാഗത്ത് മുത്തൂർ തെക്കേവീട്ടിൽ ടി.ടി.മാത്യു (മാത്തുക്കുട്ടി - 63), ഭാര്യ സാറാമ്മ (56) എന്നിവരാണ് മരിച്ചത്. മകൾ ലിജി (35) യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ പുലർച്ചെ 12.30 നാണ് സംഭവം.
രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്നും ബഹളംകേട്ട് മുറിയിൽ ഓടിയെത്തിയപ്പോൾ മാതാവ് തീപ്പൊള്ളലേറ്റ് നിലവിളിക്കുകയായിരുന്നുവെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റതെന്നും മകൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പിതാവിന്റെ കൈയിൽ ലൈറ്റർ കണ്ടതായും മൊഴിയിലുണ്ട്. തീപിടിത്തത്തിൽ വീട്ടിലെ രണ്ട് മുറികളും മേൽക്കൂരയും കത്തിനശിച്ചു. ദേഹമാസകലം പൊള്ളലേറ്റ സാറാമ്മയെയും മകൾ ലിജിയെയും പൊലീസും നാട്ടുകാരും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സാറാമ്മയെ രക്ഷിക്കാനായില്ല. ഇതിനിടെ കടന്നുകളഞ്ഞ മാത്തുക്കുട്ടിയെ രാവിലെ വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സാറാമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കും മാത്തുക്കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും സംസ്കാരം പിന്നീട്. മകൻ: മജു. ലിജിയുടെ ഭർത്താവ് രാജസ്ഥാനിലാണ്. പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.