
കൊണ്ടോട്ടി:കിഴ്ശേരി ടൗണിനടുത്ത് ക്വാർട്ടേഴ്സ് പരിസരത്ത് നട്ടുവളർത്തിയ അഞ്ചു കഞ്ചാവ് ചെടികളുമായി ആസാം സ്വദേശിയെ മലപ്പുറം ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്നു പിടികൂടി. ആസാം കാർട്ടിമാരി സ്വദേശി അമൽ ബർമൻ(34)ആണ് പിടിയിലായത്. രണ്ടു വർഷമായി കിഴ്ശേരിയിലെ വാടക ക്വാർട്ടേഴ്സുകളിൽ താമസിച്ച് ചെങ്കൽ ക്വാറികളിൽ ജോലിചെയ്തു വരികയായിരുന്നു ബർമൻ. ഇതിനിടയിൽ ഇയാൾ ലഹരി വിൽപനയും നടത്തിയിരുന്നു.നാട്ടിൽ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വൻ തോതിൽ കഞ്ചാവു കൊണ്ടു വന്നിരുന്നതായി വിവരം ലഭിച്ചിരുന്നു.തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുറ്റത്ത് കണ്ടുപിടിക്കാതിരിക്കാൻ മല്ലികച്ചെടികളുടെ കൂട്ടത്തിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. കഴിഞ്ഞയാഴ്ചയാണ് കിഴ്ശേരി ഗവൺമെന്റ് എൽപി സ്കൂളിനടുത്ത് വ്യാജ അക്യുപങ്ച്ചർ കിത്സ നടത്തിവന്ന സിദ്ധനെയും കൂട്ടാളിയെയും നാലു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കിഴ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വിപണനം വർദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്ക്വാഡ്
നിരീക്ഷണം ശക്തമാക്കിയിരുന്നു. നിയമപരമല്ലാതെ കഞ്ചാവ് ചെടി വളർത്തുന്നതു പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമുള്ള ശിക്ഷയാണ്.കൊണ്ടോട്ടി ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ, എസ്ഐ കെ. ആർശ റെമിൻ എന്നിവരുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.