
ചേർപ്പ്: കോടന്നൂരിൽ ബാർ തുറന്നു ഉപരോധ സമരം നടത്തിയിരുന്ന ബാർ വിരുദ്ധ പൗരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലകുട ഡിവൈ.എസ്.പി. ടി.ആർ രാജേഷ്, ചേർപ്പ് എസ്.എച്ച്.ഒ ടി.വി ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമെത്തിയാണ് പൗരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. മണി, ജൂബി മാത്ര്യു, വത്സല ദിവാകരൻ, എ.ആർ. ജോൺസൺ, സമിതി നേതാക്കളായ എ.ടി പോൾസൺ, പി.വി. ജിജിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്പാണ് കോടന്നൂരിൽ ബാറിന് സർക്കാർ ലൈസൻസ് നൽകിയത്. ബാർ വിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തുന്നതിനാൽ ബാർ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്. ഇതിനെത്തുടർന്ന് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ബാർ തുറന്നു പ്രവൃത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാനായി പൊലീസിനെ ചുമതലപ്പെടുത്തി. തുടർന്നാണ് പൊലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തത്.
13 വർഷമായി തുടർച്ചയായി നടന്ന ബാർ സമരത്തിന് യുഡി.എഫ് സർക്കാരിന്റെ കാലത്ത് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മാസങ്ങൾക്ക് മുൻപാണ് ബാറിന് എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയത്. ബാർ തുറന്നതിനെതിരെ ഇന്ന് മുതൽ അനിശ്ചിത കാല നിരാഹാര സമരം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.