
ചെന്നൈ: മെച്യൂരിറ്റി ക്ളെയിം ലഭിക്കാനുള്ള അപേക്ഷകൾ പോളിസി ഉടമകൾക്ക് മാർച്ച് 31 മുതൽ എൽ.ഐ.സിയുടെ ഏത് ശാഖയിലും സമർപ്പിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ യാത്രകൾക്ക് ജനങ്ങൾ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് തീരുമാനമെന്ന് എൽ.ഐ.സി വ്യക്തമാക്കി. നേരത്തേ സർവീസിംഗ് ബ്രാഞ്ചിൽ (മാതൃശാഖ) മാത്രമാണ് അപേക്ഷ സമർപ്പിക്കാമായിരുന്നത്. സമീപത്തുള്ള എൽ.ഐ.സിയുടെ ഏത് ശാഖയിലും ഇനി അപേക്ഷ സ്വീകരിക്കും.
113 ഡിവിഷണൽ ഓഫീസുകൾ, 2048 ബ്രാഞ്ചുകൾ, 1526 സാറ്റലൈറ്റ് ഓഫീസുകൾ, 74 കസ്‌റ്റമർ സോണുകൾ എന്നിവ ഇതിനായി സജ്ജമായിട്ടുണ്ട്. അതേസമയം, ക്ളെയിം പേമെന്റ് നടപടികൾ പൂർത്തിയാക്കുക സർവീസിംഗ് ബ്രാഞ്ച് തന്നെയായിരിക്കും. ഡിജിറ്റലായാണ് രേഖകൾ എൽ.ഐ.സിയുടെ ശാഖകൾ തമ്മിൽ കൈമാറുക. പരീക്ഷണാടിസ്ഥാനത്തിലാണ് മാർച്ച് 31 മുതൽ സേവനം ലഭ്യമാക്കുന്നതെന്ന് എൽ.ഐ.സി വ്യക്തമാക്കി.