sukumaran-nair-nss

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എൻ.എസ്.എസ്. ബഹുഭൂരിപക്ഷം ജനങ്ങളും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാ നങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് തിരിച്ചടി ഉണ്ടാകും. ശബരിമല വിഷയത്തിന്റെ പേരിൽ സംഘടനയ്‌ക്കെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നതായും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

എൻ.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതൽ ഇറങ്ങിത്തിരിച്ചത്. സംഘടനയ്‌ക്കോ, സംഘടനാ നേതൃത്വത്തിലുള്ള വർക്കോ പാർലമെന്ററിമോഹങ്ങളൊന്നുംതന്നെയില്ല. സ്ഥാനമാനങ്ങൾക്കോ രാഷ്ടീയ നേട്ടങ്ങൾക്കോ വേണ്ടി ഏതെങ്കിലും സർക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ പടിവാതിൽക്കൽ പോയിട്ടില്ല. വിശ്വാസസംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ഇന്നോളം നിലകൊണ്ടിട്ടുള്ളത്. എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്, അതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും എൻ.എസ്.എസ് പറയുന്നു.

പൊതുവായി പറഞ്ഞാൽ, ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവർ ഏതു മതത്തിൽപ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലിൽ ഇത് മറന്നുപോകുന്നവർക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എൻ.എസ്.എസിനെതിരെയുള്ള ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.