fuel

ന്യൂഡൽഹി: പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിനത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെ കേന്ദ്രസർക്കാരിന്റെ വരുമാനത്തിലുണ്ടായ വർദ്ധന 300 ശതമാനം. ലോക്‌സഭയിൽ ഇന്നലെ കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പറഞ്ഞത്. ഒന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യവർഷമായ 2014-15ൽ ഡീസലിൽ നിന്ന് 42,​881 കോടി രൂപയും പെട്രോളിൽ നിന്ന് 29,​279 കോടി രൂപയുമാണ് എക്‌സൈസ് നികുതിയായി കിട്ടിയത്.

നടപ്പുവർഷത്തെ ആദ്യ പത്തുമാസക്കാലത്ത് (ഏപ്രിൽ-ജനുവരി)​ മാത്രം പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിനത്തിൽ സർക്കാരിന്റെ കീശയിലെത്തിയത് 2.94 ലക്ഷം കോടി രൂപയാണ്. പ്രകൃതിവാതകത്തിൽ നിന്നുള്ള നികുതി കൂടിച്ചേർത്താൽ 2014-15ലെ സമാഹരണം 74,158 കോടി രൂപയായിരുന്നു. നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ ഇത് 2.95 ലക്ഷം കോടി രൂപയാണ്. 2014-15ൽ സർക്കാരിന്റെ മൊത്തം വരുമാനത്തിൽ 5.4 ശതമാനമായിരുന്നു പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവയുടെ നികുതിയിൽ നിന്നുള്ള പങ്ക്. 2020-21ൽ ഇത് 12.2 ശതമാനമായി ഉയർന്നു.

ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നത് ഇപ്പോൾ 32.90 രൂപയാണ്. ഡീസലിന്റേത് 3.56 രൂപയിൽ നിന്നുയർന്ന് 31.80 രൂപയിലുമെത്തി. രാജ്യത്ത് പെട്രോൾ, ഡീസൽ റീട്ടെയിൽ വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില 91.17 രൂപയും ഡീസൽ വില 81.47 രൂപയുമാണ്. പെട്രോൾ വിലയിൽ 60 ശതമാനവും ഡീസൽ വിലയിൽ 53 ശതമാനവും നികുതിയാണ്. പെട്രോൾ നികുതിയിൽ 36 ശതമാനവും ഡീസൽ നികുതിയിൽ 39 ശതമാനവുമാണ് കേന്ദ്രത്തിന്റെ കീശയിലെത്തുന്നത്.

നിലവിലെ സാഹചര്യത്തിൽ അടിസ്ഥാനസൗകര്യ വികസനം, മറ്റ് വികസന, ക്ഷേമപദ്ധതികൾ എന്നിവയ്ക്കായാണ് ഇന്ധനത്തിൽ നിന്നുള്ള നികുതിവരുമാനം പ്രയോജനപ്പെടുത്തുന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

കൊവിഡിൽ കൂട്ടിയ

നികുതിഭാരം

കൊവിഡും ലോക്ക്ഡൗണും മൂലം ആഗോളതലത്തിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് വരുമാനത്തെ ബാധിക്കാതിരിക്കാനായി കേന്ദ്രസർക്കാർ ഇന്ധന എക്‌സൈസ് നികുതി കുത്തനെ കൂട്ടിയത്. ലോക്ക്ഡൗണിൽ റീട്ടെയിൽ വില്പന ഇല്ലാതിരുന്നതിനാൽ ഉപഭോക്താക്കളെ നികുതിവർദ്ധന ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

 2020 മാർച്ച് 14ന് പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ലിറ്ററിന് മൂന്നു രൂപ വീതം കൂട്ടി

 മേയ് ആറിന് പെട്രോൾ നികുതി ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വർദ്ധിപ്പിച്ചു

 ഇതോടെ കൊവിഡ് കാലത്തെ ആകെ നികുതി വർദ്ധന പെട്രോളിന് 13 രൂപ, ഡീസലിന് 16 രൂപ.

2014-16 കാലയളവിൽ ഒമ്പതു തവണയായി മോദി സർക്കാർ പെട്രോൾ എക്‌സൈസ് നികുതി 11.77 രൂപയും ഡീസൽ നികുതി 13.47 രൂപയും കൂട്ടിയിരുന്നു. 2017 ഒക്‌ടോബറിൽ പെട്രോളിന് രണ്ടുരൂപയും ഡീസലിന് 1.50 രൂപയും നികുതി കുറച്ചെങ്കിലും 2019 ജൂലായിൽ രണ്ടുരൂപ വീതം കൂട്ടി.