firoz-kunnamparambil

മലപ്പുറം: താൻ കള്ളനാണെന്ന് പറയുന്നവർ അഞ്ച് വർഷക്കാലം ഭരണം ലഭിച്ചിട്ടും അത് തെളിയിക്കാത്തത് എന്തെന്ന ചോദ്യവുമായി ചാരിറ്റി പ്രവർത്തകനും തവനൂർ മണ്ഡലത്തിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഫിറോസ് കുന്നംപറമ്പിൽ. താൻ ചാരിറ്റി പ്രവർത്തനത്തിലൂടെ തട്ടിപ്പ് നടത്തുന്നയാളാണെന്നുള്ള പ്രചാരങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫിറോസ് കുന്നംപറമ്പിൽ. മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെടി ജലീൽ ആണ് തവനൂരിൽ ഫിറോസിന്റെ പ്രധാന എതിരാളി.

'ഫിറോസ് കുന്നംപറമ്പിൽ കള്ളനാണ്.. കള്ളനാണ്.. കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാൻ ഇവിടെ കേന്ദ്ര ഏജൻസികളുണ്ട്.. പൊലീസുണ്ട്.. വിജിലൻസുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ചു കൊല്ലം ഭരിച്ചില്ലേ.. ആഭ്യന്തരം നിങ്ങളുടെ കയ്യിൽ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി..?'- തവനൂരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് ഫിറോസ് പറഞ്ഞത് ഇങ്ങനെ.

താൻ കള്ളനാണെങ്കിൽ അത് തെളിയിച്ചുകൂടായിരുന്നോ എന്നും അങ്ങനെ ചെയ്യാതെ തിരഞ്ഞെടുപ്പ് വന്നപ്പോൾ കള്ളനെന്നു വിളിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നും ഫിറോസ് ചോദിച്ചു. ജനം ഇക്കാര്യം തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ ഫിറോസ് തനിക്കെതിരെ കെടി ജലീൽ നടത്തിയ പരാമർശത്തിന് മറുപടി നൽകാനില്ലെന്നും വ്യക്തമാക്കി. തനിക്കെതിരെ യുഡിഎഫ് കൊണ്ടുവന്നത് വേഷം കെട്ടിച്ച, സങ്കരയിനമായ സ്ഥാനാർത്ഥിയെയാണെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞിരുന്നു.