bjp-thamil-nadu

ചെന്നൈ: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ തമിഴ്നാട്ടിൽ ബി.ജെ.പി, പ്രകടനപത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയിൽ എല്ലാവർഷവും മത്സ്യത്തൊഴിലാളികൾക്ക് ആറായിരം രൂപ വീതം സഹായധനമായി നൽകുമെന്ന് പറയുന്നു.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും വി.കെ. സിംഗും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി ടാബ് ലെറ്റ് നൽകും. വാതിൽപടി റേഷൻ പദ്ധതി നടപ്പാക്കും. 18നും 23 വയസിനും ഇടയിലുള്ള യുവതികൾക്ക് സൗജന്യമായി ഇരുചക്രവാഹന ഡ്രൈവിങ് ലൈസൻസ് നൽകും. 2022 ഓടെ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങൾ.

ഹിന്ദു വോട്ടുകൾ ലക്ഷ്യംവച്ച് കൂടെയാണ് ബി.ജെ.പി പ്രകടനപത്രിക തായ്യാറാക്കിയിരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളെ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കും. ഭരണഘടന അനുസരിച്ച് ഗോഹത്യ തടയുന്നതിന് നിയമം കൊണ്ടുവരും. വിവിധ ക്ഷേത്രങ്ങളിൽ പശുക്കളുടെ സംരക്ഷണത്തിന് അഭയകേന്ദ്രങ്ങൾ പണിയും എന്നീ വാഗ്ദാനങ്ങളും ബി.ജെ.പി പ്രകടനപത്രികയിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.