baiden

മോസ്കോ : യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി തത്സമയ സംവാദത്തിന് തയ്യാറാണെന്നും അതിനായി ബൈഡനെ ക്ഷണിക്കുകയും ചെയ്ത റഷ്യൻ പ്രസിഡന്റിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്ത യു.എസ് നിലപാട് ഖേദകരമാണെന്ന് റഷ്യ. റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനുള്ള ഒരു അവസരം കൂടി നഷ്ടപ്പെട്ടുവെന്നും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും യു.എസിനാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു അഭിമുഖത്തിൽ പുടിനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതോടു കൂടിയാണ് പ്രശ്ങ്ങളുടെ തുടക്കം. ആരാണോ അത് പറഞ്ഞത്,​ അയാളാണ് കൊലയാളി എന്ന് പുടിൻ തിരിച്ചടിക്കുകയും ചെയ്തു.

അതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂക്ഷമാവുകയും റഷ്യ തങ്ങളുടെ അംബാസിഡറെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുടിൻ തത്സമയ സംവാദത്തിന് ബൈഡനെ ക്ഷണിച്ചത്.

ബൈഡനു സൗകര്യപ്രദമായ ഏതു സമയത്തും സംവാദം നടത്താൻ തയ്യാറാണെന്നും അറിയിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാൻ പോലും യു.എസ് തയ്യാറായില്ല. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച വിവാദങ്ങളെത്തുടർന്ന് 2016 ലാണ് റഷ്യൻ- യു.എസ് ബന്ധം ഏറെ വഷളായത്. ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും റഷ്യ തങ്ങളുടെ സ്ഥാനപതിയെ യു.എസിൽ നിന്ന് തിരിച്ചു വിളിക്കുന്നത് ആദ്യമായാണ്.