ganja

മലപ്പുറം: പൂന്തോട്ടത്തിലെ ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. അസം കാർട്ടിമാരി സ്വദേശി അമൽ ബർമനാ (34)ണ് പിടിയിലായത്. കിഴിശ്ശേരിയിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് പരിസരത്താണ് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി കൃഷി ചെയ്തു വന്നത്.

ചെങ്കൽ ക്വാറികളിൽ ജോലിനോക്കിയിരുന്ന അമൽ രണ്ട് വർഷത്തോളമായി കിഴിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ലഹരി വിൽപ്പന നടത്തിയിരുന്നതായും നാട്ടിൽ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വൻ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാൾ ചെടികൾക്കിടയിൽ പരിപാലിച്ചിരുന്നത്.