
പൂനെ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പൂനെയിലെ എം.സി.എ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ടെസ്റ്റ്, ട്വന്റി-20 പരമ്പരകൾ സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും നേടാമെന്ന ആത്മവിശ്വാത്തിലാണ്. പര്യടനത്തിലെ അവസാന ഇനമായ ഏകദിനത്തിലെങ്കിലും ജയിച്ച് മുഖം രക്ഷിക്കാൻ ആണ് ഇംഗ്ലണ്ടിന്റെ ശ്രമം.
അതേസമയം ജോഫ്ര ആർച്ചറിന് പരിക്കേറ്രത് അവർക്ക് വലിയ തിരിച്ചടിയായി. കൈമുട്ടിലെ പരിക്ക് വഷളായ രാജസ്ഥാൻ റോയൽസ് താരം കൂടിയായ ആർച്ചർക്ക് ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ജോ റൂട്ട്, ക്രിസ് വോക‌്സ് എന്നിവരുടെ സേവനവും ഇംഗ്ലണ്ടിന് ലഭിക്കില്ല.
മറുവശത്ത് ഇന്ത്യൻ നിരയിൽ ആദ്യ ഇലവനിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്ന ആശയക്കുഴപ്പമാണുള്ളത്. രോഹിതിനൊപ്പം ധവാൻ തന്നെയാകും ഓപ്പണിംഗിന് ഇറങ്ങുകയെന്ന് കൊഹ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏകദിനത്തിൽ സമീപകാലത്ത് ഇന്ത്യയ്ക്ക് അത്ര നല്ല റെക്കാഡല്ല ഉള്ളത് എന്നത് വെല്ലുവിളിയാണ്. എന്നാലും സ്വന്തം തട്ടകത്തിൽ കൂടുതൽ ശക്തരായ ഇന്ത്യയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം.
പ്രതീക്ഷയോടെ
ട്വന്റി-20 പരമ്പരയിൽ പാടേ നിറം മങ്ങിപ്പോയ കെ.എൽ. രാഹുലിന് ഇന്നും അവസരം ലഭിക്കാൻ സാധ്യത കുറവാണ്. അസാമാന്യ ഫോമിൽ നിൽക്കുന്ന റിഷഭ് പന്ത് ടീമിൽ സ്ഥാനമുറപ്പിച്ചതിനാൽ ബാറ്ര്‌സ്മാൻ എന്ന നിലയിലേ രാഹുലിനെ പരിഗണിക്കാനാകൂ. എന്നാൽ ഓപ്പണിംഗ് റോളിൽ രോഹിതും ധവാനും തന്നെയായിരിക്കുമെന്ന് കൊഹ്‌ലി വ്യക്തമാക്കിയ സ്ഥിതിക്ക് രാഹുലിന് പകരം ഒരു ബൗളറെ ഉൾപ്പെടുത്താനാണ് കൂടുതൽ സാധ്യത. ഭുവനേശ്വർ കുമാറായിരിക്കും ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിനെ നയിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന ഭുവിയുടെ 2019 ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള നാലാമത്തെ മാത്രം മത്സരമാണിത്. ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനം ഭുവി ട്രാക്കിൽത്തന്നെയാണെന്നുള്ള സൂചനയാണ്. നടരാജന്റെ യോർക്കറുകളും ഇന്ത്യയുടെ ഭാഗധേയും നിർണയിക്കും.
സാധ്യതാ ടീം: രോഹിത്, ധവാൻ, കൊഹ്‌ലി, ശ്രേയസ്, പന്ത്, രാഹുൽ/ക്രുനാൽ/സുന്ദർ,ഭുവനേശ്വർ, ഷർദ്ദുൾ, ചഹൽ/കുൽദീപ്, നടരാജൻ.
തിരിച്ചടിക്കാൻ
ഏകദിന പരമ്പരയെങ്കിലും ജയിച്ചാലെ ഇംഗ്ലണ്ടിന് തലയുയർത്തി നാട്ടിലേക്ക് മടങ്ങാനാകൂ. ട്വന്റി-20യിലെ ഒന്നാം സ്ഥാനക്കാരായിട്ടും പരമ്പര കൈവിടുകയും ടെസ്റ്റിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനുള്ള സാധ്യത നഷ്ടപ്പെടുത്തി തോൽ വഴങ്ങുകയും ചെയ്ത ഇംഗ്ലണ്ട് ഏകദിനത്തിൽ പരമ്പര വിജയത്തിൽക്കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കുന്നില്ല. ആർച്ചറുടെ പരിക്കും റൂട്ടിന്റേയും വോക്സിന്റേയും അഭാവവും അവരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മോയിൻ അലിക്ക് അവസാന ഇലവനിൽ അവസരം കിട്ടാൻ സാധ്യത കുറവാണ്. ലിംവിഗ്സ്റ്രണിന് ഏകദിനത്തിൽ അരങ്ങേറാനുള്ള അവസരം ഇന്ന് ലഭിച്ചേക്കും.
സാധ്യത ടീം: റോയി, ബെയർസ്റ്റോ, സ്റ്റോക്സ്, മോർഗൻ, ബില്ലിംഗ്സ്, അലി/ലിവിംഗ്സ്‌റ്റൺ, സാം കറൻ/ടോം കറൻ, റഷീദ്, ടോപ്‌ലെ, വുഡ്ഡ്.
ലൈവ് :സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും