
ഫ്‌ളോറിഡ: സ്വന്തം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരോധനം നേരിട്ട മുൻ യുഎസ് പ്രസിഡന്റ് സ്വന്തം പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സാമൂഹ്യ മാധ്യമ ലോകത്തേക്ക് തിരിച്ചുവരാനാണ് ഒരുങ്ങുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഡൊണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിൽ തിരികെയെത്തുമെന്നാണ് പുതിയ വാർത്ത. അദ്ദേഹത്തിന്റെ മുൻ ഉപദേഷ്ടാവ് ജേസൺ മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപ് എന്തു ചെയ്യുമെന്ന് കാണുന്നതിന് എല്ലാവരും കാത്തിരിക്കുകയാണെന്നും മില്ലർ കൂട്ടിച്ചേർത്തു. ഡൊണാൾഡ് ട്രംപിന്റെ രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും ഉന്നത ചുമതലകൾ വഹിച്ചിരുന്ന വ്യക്തിയാണ് ജേസൺ മില്ലർ. പുതിയ പ്ലാറ്റ്‌ഫോം വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരാളം ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും അവരെ പുതിയ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാനും ട്രംപിന് കഴിയുമെന്ന് മില്ലർ പ്രത്യാശ പ്രകടിപ്പിച്ചു. ജനുവരി 6 ന് നടന്ന റാലിയില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതോടെ ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. . ഈ റാലിയാണ് യുഎസ് കാപിറ്റോളിലെ അക്രമത്തില്‍ കലാശിച്ചത്. അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് ട്രംപിനെ ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കിയത്