
പിരിയൻ രൂപമായി വീടിനെ സജ്ജമാക്കുന്നതാണ് യഥാർത്ഥ വാസ്തു വിധാനം. ഭൂമിയുമായി ബന്ധപ്പെടുത്തുമ്പോൾ കുഴികളാണ് മിക്കവാറും താമസിക്കുന്ന ഭൂമിയുടെ പിരിയൻ രൂപത്തെ ഇല്ലായ്മ ചെയ്യുക. ഒരു സെന്റിൽ ആയാൽ പോലും വീടിന് പിരിയൻ വാസ്തു രൂപം നിർബന്ധമാണ്. ഓരോ മൂലയിലും ഭൂമിയിലുളള കുഴികളാണ് പരിശോധിക്കേണ്ടത്. കുഴികൾ പലതരത്തിലുണ്ട്. കിണർ മൂലമുണ്ടാകുന്ന കുഴി. സെപ്റ്റിക്ക് ടാങ്ക് മൂലമുണ്ടാവുന്നത്. വീടിന്റെ കോമ്പൗണ്ടിൽ കുളമോ സ്വിമ്മിംഗ് പൂളോ ഉണ്ടാക്കുന്നത് കൊണ്ടോ വരുന്നവ. മാൻ ഹോളുകൾ ഒരടി താഴ്ചയുണ്ടെങ്കിൽ അതിനെയും കുഴിയായി തന്നെ പരിഗണിക്കും.
കിഴക്ക് വശം - ഭൂമിയുടെ പിരിയൻ രൂപത്തെ സഹായിക്കുന്നതാണ് കിഴക്കുവശത്തെ കുഴികൾ- അത് നേർകിഴക്കോ വടക്കു കിഴക്കോ മാത്രമെ വരാവൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും തെക്കുകിഴക്കിൽ കുഴി വരരുത്. തെക്കു കിഴക്കിൽ കുഴിവന്നാൽ പിരിയൻ രൂപത്തിന് ജഡാവസ്ഥ സംജാതമാകും.അതുവഴി ദോഷഫലമുണ്ടാകും. തെക്ക് കിഴക്ക് ഭാഗത്തുനിന്ന് വടക്ക് കിഴക്കിലേയ്ക്ക് റോഡോ, നടത്തമോ, വഴിയോ വന്നാലും പിരിയൻ രൂപമില്ലാതായി ദോഷഫലങ്ങളുണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
തെക്ക് വശം - പിരിയൻ രൂപം കൃത്യമായി പുലരാൻ വീടിന്റെയും വസ്തുവിന്റെയും തെക്ക് ദിശയിൽ അഥവാ തെക്ക് ഭാഗത്ത് യാതാരു കുഴികളും പാടില്ല. ചെറിയ മാൻ ഹോൾ ആവാം. തെക്ക് കിഴക്ക്, നേർതെക്ക്, തെക്ക് പടിഞ്ഞാറ് വശങ്ങളാണ് തെക്ക് ദിശയിലുളളത്. ഈ ഭാഗങ്ങളിൽ കുഴികൾ വരാനേ പാടില്ല. കുടുംബം എല്ലാ അർത്ഥത്തിലും അസ്തമിക്കപ്പെടുന്ന ഫലമാണ് തെക്ക് വശത്തെ പിരിയൻ രൂപനഷ്ടം സൃഷ്ടിക്കപ്പെടുന്നത്. തെക്ക് വശത്ത് കക്കൂസ്, ബാത്ത് റൂമുകൾ എന്നിവ വന്നാലും പ്രതിസന്ധിയുണ്ടാക്കും.കിണറോ, സെപ്റ്റിക്ക് ടാങ്കോ ഒരിക്കലും തെക്ക് വശത്ത് വരരുത്. ഇത് പിരിയൻ ക്രമത്തെ കീറി മുറിച്ച് വലിയ മുറിവുകൾ സൃഷ്ടിക്കും. പടിഞ്ഞാറ് വശം - തെക്കുപോലെ തന്നെയാണ് പടിഞ്ഞാറും. ഈ ദിശയിലും കുഴികൾ വന്നാൽ സർവസ്തംഭനമായിരിക്കും ഫലം. പടിഞ്ഞാറിലും കിണറോ സെപടിക് ടാങ്കോ പണിയാൻ പാടില്ല. പടിഞ്ഞാറിൽ ഇങ്ങനെ പിരിയൻ രൂപം ഇല്ലാതായാൽ ദുരിതങ്ങൾക്കും കടുത്ത ജീവിത പ്രശ്നങ്ങൾക്കുമാണ് ഇടവരുത്തുക. സെപ്റ്റിക്ക് ടാങ്ക് വടക്ക് പടിഞ്ഞാറിൽ സ്ഥാപിക്കാമെങ്കിലും അത് വടക്കിന്റെ പടിഞ്ഞാറിലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അല്ലാതെ പടിഞ്ഞാറിന്റെ വടക്കല്ല പണിയേണ്ടത്. വടക്ക് വശം - കുഴിയോ കിണറോ , വടക്ക് വശത്ത് വന്നാൽ പിരിയൻ രൂപം പൂർവ്വാധികം ശക്തി പ്രാപിക്കും. പക്ഷേ വടക്കിൽ കിണർ കുഴിയായി വരുമ്പോൾ അത് വടക്കു കിഴക്കിലോ, നേർ വടക്കോ ആകണമെന്ന് നിർബന്ധമുണ്ട്. വടക്ക് പടിഞ്ഞാറിലേയ്ക്ക് കിണർ കുത്തരുത്.
ഓരോ ദിശയിലും ഇത്തരത്തിൽ അതീവ ശ്രദ്ധയോടെ കുഴികൾ വരാൻ ശ്രദ്ധിക്കണം. അങ്ങനെയായാൽ വീട്ടിലെ പോലെ വസ്തുവിലും പിരിയൻ രൂപം ഐശ്വര്യം പ്രദാനം ചെയ്യും. വീടിന് മതിൽ കെട്ടുമ്പോൾ തെക്ക് പടിഞ്ഞാറിലും തെക്ക് കിഴക്കിലും പരമാവധി 90 ഡിഗ്രി ഉറപ്പാക്കുക കൂടി ചെയ്താൽ പിരിയൻ രൂപത്തെ എപ്പോഴും ക്രമപ്പെടുത്താം. അതിനുശേഷം തെക്ക് പടിഞ്ഞാറെ മൂലയിലെ മതിലിൽ അര മുതൽ രണ്ട് അടിവരെ ഉയർത്തി കെട്ടുന്നതും ഭൂമിയെ പിരിയൻ രൂപത്തിലേയ്ക്ക് ക്രമപ്പെടുത്തുന്നതിനും ആ വിട്ടിൽ ഉള്ളവർ ഉയർന്ന നിലയിലെത്തുന്നതിനും ഇടയാക്കും.
സംശയവും മറുപടിയും
പ്ലാവിന്റെ കട്ടിള വീടിന്റെ പ്രധാന വാതിലിൽ വയ്ക്കുമ്പോൾ കതകും പ്ലാവിൻ തടി തന്നെ ഉപയോഗിക്കണമോ?
സുമേഷ് ചന്ദ്രൻ, കോന്നി
ഉപയോഗിക്കണം. കട്ടിളയും കതകും പരമാവധി ഒരു മരം തന്നെയാകണം. രണ്ട് മരമാകുമ്പോൾ വ്യത്യസ്തമായ ഊർജമാവും ആഗിരണം ചെയ്യുക. ഒരേ മരമാവുമ്പോൾ ഒരേ തരം ഊർജാഗിരണത്തെ ഉറപ്പിക്കാനും ഇത് നല്ല ഫലങ്ങൾക്കിടയാവുകയും ചെയ്യും.