
തിരുവനന്തപുരം: നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനെത്തിയതോടെ കരുത്തുറ്റ പോരാട്ടത്തെ അതിജീവിക്കാൻ തന്ത്രങ്ങളുമായി ബി ജെ പി. ബൂത്തുകളെ 43 ശക്തികേന്ദ്രങ്ങളായി തിരിച്ച് താഴേതട്ടിൽ വിപുലമായ പ്രചാരണ തന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മണ്ഡലത്തിൽ അൻപത്തയ്യായിരത്തോളം ബിജെപി വോട്ടുകളുണ്ടെന്നും, അത് ഉറപ്പിച്ചാൽ വിജയിക്കുമെന്നുമാണ് കുമ്മനം രാജശേഖരന്റെ കണക്കുകൂട്ടൽ. പദയാത്രയാണ് ബി ജെ പിയുടെ പ്രധാനതന്ത്രം. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് തേടാനാണ് ശ്രമം.
2014 മുതലുള്ള വോട്ടു കണക്കുകളാണ് ബി ജെ പിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ ജയിച്ചപ്പോഴും, 58513 വോട്ടുകൾ കുമ്മനം നേടി. തരൂരിന്റെ അത്രയും ശക്തനല്ല മുരളീധരൻ എന്നാണ് കുമ്മനം പറയുന്നത്.