covid

ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു വർഷമാകുമ്പോൾ രാജ്യം കൊവിഡിന്റെ രണ്ടാം വ്യാപന ഭീതിയിലാണ്.

ആദ്യ അടച്ചിടൽ 21 ദിവസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും നീണ്ടു. ജൂൺ മുതൽ ചെറിയ ഇളവുകൾ നൽകി. ഏഴ് ഘട്ടമായി ഡിസംബർ വരെ അൺലോക്ക് തുടർന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും വിമാന, റെയിൽ സർവീസുകൾ ഇനിയും സാധാരണ നിലയിലായിട്ടില്ല.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്നലെ ഇന്ത്യയിൽ 46,951 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. കഴിഞ്ഞ ഒരാഴ്‌ചയായി കൊവിഡ് രോഗവ്യാപനത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കാര്യമായി കുറഞ്ഞശേഷം വൻ വർദ്ധനയുണ്ടായത് പരിഗണിക്കുമ്പോൾ, നിലവിലേത് രണ്ടാം തരംഗമായി കരുതാമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.