
ഗ്വാളിയാർ: മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 13 പേർ മരിച്ചു. ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയിൽ ഇന്നു പുലർച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മോറിനാ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ 10 പേർ മരണപ്പെട്ടു. മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ 12 പേരും സ്ത്രീകളാണ്. ഓട്ടോയുടെ ഡ്രൈവറും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
അംഗൻവാടി കേന്ദ്രത്തിൽ ജോലിക്ക് പോയി മടങ്ങുകയായിരുന്ന സ്ത്രീകളാണ് മരണപ്പെട്ടതെന്ന് ഗ്വാളിയാർ എസ്.പി അമിത് സാങ്കി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ആഴ്ച്ച മദ്ധ്യപ്രദേശിലുണ്ടായ ട്രക്ക് അപകടത്തിൽ അഞ്ചു പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിയിരുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.