
കണ്ണൂർ: വ്യക്തി ആരാധനയുടെ പേരിൽ പാർട്ടിയ്‌ക്കകത്ത് ഒറ്റപ്പെട്ട പി ജയരാജന് പിന്തുണയർപ്പിച്ച് വീണ്ടും ഫ്ലക്‌സ്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിലാണ് പി ജയരാജന്റെ പേരിൽ ഫ്ലക്‌സ് ഉയർന്നിരിക്കുന്നത്. സി പി എം കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ച് കൊണ്ടാണ് ജയരാജൻ ആരാധകരുടെ നീക്കം.
നേരത്തെ പി ജെ ആർമി എന്ന പേരിൽ ഫേസ്ബുക്ക് പേജിൽ പി ജയരാജനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികൾ എന്ന പേരിലാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഞങ്ങടെ ഉറപ്പാണ് പി ജെ' എന്നാണ് ബോർഡിലെ വാചകം. എന്നാൽ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതിൽ വ്യക്തതയില്ല.
പി ജയരാജന് സീറ്റ് നിഷേധിച്ചതിലുളള അമർഷം അദ്ദേഹത്തിന്റെ ആരാധകർക്കിടയിലുണ്ട്. സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹി അടക്കം ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ അടക്കുമുളള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമർശിച്ചാണ് പി ജെ ആർമി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം, തന്റെ സമ്മതമില്ലാതെയാണ് പി ജെ ആർമി പ്രവർത്തിക്കുന്നതെന്നാണ് ജയരാജന്റെ ആവർത്തിച്ചുളള മറുപടി.