india-covid

ന്യൂഡൽഹി: കൊവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നും കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29,785 പേർ രോഗമുക്തി നേടി. 199 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,16,86,796പേർ‌ രോഗബാധിതരായപ്പോൾ 1,11,81,253 പേ‌ർ രോഗമുക്തി നേടി. 3,45,377 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള‌ളത്. ആകെ മരണസംഖ്യ 1,60,166 ആയി.

രോഗം സ്ഥിരീകരിച്ചവരുടെ കണക്കിൽ തിങ്കളാഴ്‌ചത്തേതിനെക്കാൾ 6000ത്തോളം കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച 9,67,459 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതോടെ ആകെ ടെസ്‌റ്റ് ചെയ്‌ത സാമ്പിളുകൾ 23,54,13,233 ആയി.

രാജ്യത്തെ കൊവിഡ് പോസി‌റ്റീവ് കേസുകളിൽ 60 ശതമാനവും മഹാരാഷ്‌ട്രയിൽ നിന്നാണ്. സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച 24,645 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്‌ടീവ് കേസ്‌ലോഡ് 25,04,327 ആയി. 58 പേരാണ് മഹാരാഷ്‌ട്രയിൽ ഇന്നലെ മരണമടഞ്ഞത്. ഇതോടെ ആകെ മരണനിരക്ക് 53,457 ആയി.

മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക,ഗുജറാത്ത്,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കൊവിഡ് നിരക്ക് ഇപ്പോൾ കൂടിവരുന്നത്. ആകെ കൊവിഡ് രോഗം ബാധിച്ചവരുടെ കണക്കിൽ അമേരിക്കയ്‌ക്കും ബ്രസീലിനും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.