
മഹാഭാരതയുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ, എതിർപക്ഷത്തുള്ള പിതൃ, ഗുരു, പുത്ര സമാനരായവരെ കൊന്നു തള്ളേണ്ടിവരുന്നതിൽ അർജുനൻ ഖിന്നനായി. 'അർജുന വിഷാദയോഗം' മറി കടക്കാൻ തേരാളിയായ കൃഷ്ണൻ വല്ലാതെ പാടുപെട്ടു. ആ സമയത്തുള്ള മഹത്തായ ഗീതോപദേശങ്ങളെക്കുറിച്ച് നമുക്കറിയാം... എന്നാൽ എല്ലാം താനറിയുന്നുവെന്നും താൻ തന്നെയാണ് ലോകനാഥനെന്നും പറഞ്ഞ് ഭഗവാൻ വിശ്വരൂപം അർജുനന് മുന്നിൽ വെളിപ്പെടുത്തിക്കൊണ്ട് ആ പോരാളിയെ കർമവീഥിയിൽ ഊർജ്വസ്വലനാക്കിയതാണ് യുദ്ധകഥയുടെ അധികമാരും ചർച്ച ചെയ്യാത്ത മർമപ്രധാന ഭാഗം...
നൂറ്റിയൊന്നു ശീർഷങ്ങളും പലതരം ആയുധങ്ങളേന്തിയ ബഹുസഹസ്രം ബാഹുക്കളും സർവചരാചരങ്ങളും ഒക്കെയുള്ള ആ വിശ്വരൂപം പുനരവതരിപ്പിക്കുകയാണ് ഒരു സ്റ്റുഡിയോ ഹാളിനകത്ത് പ്രശസ്ത ശിൽപ്പി വെള്ളാർ നാഗപ്പൻ... കഴിഞ്ഞ രണ്ടര വർഷമായി പണി തുടങ്ങിയിട്ട്. പന്ത്രണ്ടടി ഉയരവും പ്രതീകമായി പതിനൊന്ന് മുഖങ്ങളുമുള്ളതാണ് വിശ്വരൂപശില്പം. നാഗപ്പന്റെ രണ്ടു മക്കളടക്കം എട്ട് പേർ രാപ്പകൽ പണിയെടുത്താണ് നിർമ്മാണം പൂർത്തിയാവുന്നത്. ഇപ്പോൾ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ഇത് പ്രതിഷ്ഠിക്കുന്നത് എവിടെയാണെന്നറിയേണ്ടേ? നമ്മുടെ ലാലേട്ടന്റെ, സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ചെന്നൈയിലെ വസതിയിൽ! വളരെയധികം മോഹിച്ച് പണിയിക്കുന്നതാണ് മഹാനടൻ ഈ വിശ്വരൂപ ശില്പം. മുമ്പ് നാഗപ്പൻ പണിത ആറടി വലിപ്പമുള്ള വിശ്വരൂപത്തെക്കുറിച്ച് പത്രവാർത്തകളിൽ വായിച്ചറിഞ്ഞ് അത് സ്വന്തമാക്കിയിരുന്നു പ്രിയ താരം ചന്ദനമരംപോലെ വഴങ്ങുന്ന കുമ്പിൾ മരത്തിലാണ് നിർമ്മാണം. ഇനി ഈ സ്റ്റുഡിയോയെക്കുറിച്ച് പറയാം. കേരള ടൂറിസം വകുപ്പിനു കീഴിൽ, രണ്ട് മാസം മുമ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിലെ മുപ്പത്തിമൂന്ന് വിവിധ ക്രാഫ്റ്റ് സ്റ്റുഡിയോകളിലൊന്നാണ് നാഗപ്പന്റേത്. അച്ഛൻ രാമകൃഷ്ണനിൽ നിന്ന് ശില്പവിദ്യ ഏറ്റെടുത്ത ഈ അറുപതുകാരൻ തന്റെ അപാരവും അപൂർവ്വവുമായ അറിവുകൾ താൽപ്പര്യമുള്ളവർക്ക് പകർന്നു നൽകാനും തയ്യാറാണ്.

തിരുവനന്തപുരം നഗരത്തിൽ നിന്ന് കോവളത്തേക്കുള്ള ബൈപ്പാസ് ഹൈവേയിൽ വെള്ളാറിലാണ് എട്ടരയേക്കർ സ്ഥലത്ത് കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും വ്യത്യസ്തമായ നിർമ്മിതികളിലൂടെ ശ്രദ്ധേയരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണവും നടത്തിപ്പും നിർവ്വഹിക്കുന്നത്.
വിശ്വരൂപമടക്കം വിവിധ മരശില്പങ്ങളുള്ള വുഡൻ ക്രാഫ്ട്സ് സ്റ്റുഡിയോക്കു പുറമേ, കാളക്കൊമ്പിൽ വിസ്മയമൊരുക്കുന്ന ഹോൺ കാർവിംഗ് സ്റ്റുഡിയോ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് സ്റ്റുഡിയോ, പൂരം ക്രാഫ്റ്റ്സ് സ്റ്റുഡിയോ, ലാമിനേറ്റഡ് വുഡൻ ക്രാഫ്ട്സ് സ്റ്റുഡിയോ, ഹാൻഡ് ലൂം ക്ലോത്ത് സ്റ്റുഡിയോ, കോക്കനട്ട് ഹസ്ക്ക് സ്റ്റുഡിയോ, ക്വിൽഡ് പേപ്പർ സ്റ്റുഡിയോ എന്നിങ്ങനെ മുപ്പത്തിമൂന്ന് ക്രാഫ്റ്റ് എക്സിബിഷൻ ആന്റ് ഡെമോൺസ്ട്രേഷൻ സ്റ്റുഡിയോകൾ ഇവിടെയുണ്ട്. രാവിലെ പത്തു മുതൽ രാത്രി ഏഴു മണി വരെയാണ് പ്രവർത്തനം. ഇഷ്ടമുള്ള കരകൗശലവസ്തുക്കൾ നേരിൽ കണ്ടറിഞ്ഞ് മനസിലാക്കി, നിശ്ചിത വിലയിലും ഗാരന്റിയിലും ഒരു കുടക്കീഴിൽ വാങ്ങാൻ സാധിക്കുമെന്ന ് ചെയർമാൻ രമേശൻ പാലേരിയുടെ വാക്കുകൾ. വർഷങ്ങളായി വടകരയിലെ ഇരിങ്ങലിൽ പ്രവർത്തിക്കുന്ന 'സർഗാലയ' ക്രാഫ്ട്സ് വില്ലേജിന്റെയടക്കം സാരഥിയാണ് അദ്ദേഹം.
വേദിക്ക് മെറ്റൽ ആർട്ട് എന്ന വിശിഷ്ട കലാരൂപവുമായുള്ള സ്റ്റുഡിയോയും ശ്രദ്ധേയമാണ്. ബ്രാസ്, കോപ്പർ, സിൽവർ എന്നിവയുടെ സമ്മേളിതരൂപങ്ങളാണ് ഇവിടെ ആസ്വാദകരെ ആകർഷിക്കുന്നത്. 2013 ൽ രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ 'കാമധേനു" ശില്പത്തിലൂടെ അഖിലേന്ത്യാ പ്രശസ്തനായ ശിവകുമാറിന്റെ നേതൃത്വത്തിലുള്ളതാണ് ഈ സ്റ്റുഡിയോ. ഇവിടുത്തെ വർക്ക്ഷോപ്പിൽ അദ്ദേഹത്തോടൊപ്പം മക്കളായ ആരതിയും നീലിമയും നൂതനങ്ങളായ ശില്പ നിർമ്മിതിയിലാണ്. കേരള വാസ്തുവിദ്യയോടൊപ്പം പൗരാണികതയും ഇവിടെ ഒത്തു ചേരുന്നു...ചിരട്ട കൊണ്ടുള്ള കലാരൂപങ്ങൾ നമുക്ക് ചിരപരിചിതമാണ്. എന്നാൽ പൊതിക്കാത്ത തേങ്ങ കൊണ്ടുള്ള കലാരൂപങ്ങളാണ് കോക്കനട്ട് ഹസ്ക്ക് സ്റ്റുഡിയോയുടെ പ്രത്യേകത. 35 വർഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന എ.പ്രതാപ് എന്ന ശില്പി ഇവിടെയൊരുക്കിയിട്ടുള്ള വിസ്മയരൂപങ്ങൾ നമ്മെ ഹഠാദാകർഷിക്കുന്നു. അമേരിക്കയിലും അറബ് രാജ്യങ്ങളിലും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രതാപിനെത്തേടി, ദേശീയ ശില്പ ഗുരു അവാർഡ് രണ്ടാം തവണ ഈ കൊച്ചുകേരളത്തിലെത്തി എന്നതും സന്തോഷകരം. ആദ്യ അവാർഡ് നേടിയ കെ.ആർ. മോഹനനും ഈ വില്ലേജിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ഈജിപ്ഷ്യൻ കരകൗശലവിദ്യയായ ക്വിൽഡ് പേപ്പർ ആർട്ടിൽ പ്രാവീണ്യം നേടിയ കോട്ടയം സ്വദേശിയായ ആശയുടെ സ്റ്റുഡിയോയും ആകർഷകമാണ്. ആശയോടൊപ്പം ഭർത്താവ് അനീഷും മക്കളായ കാശിനാഥും ദേവനന്ദയും ഈ കലാപ്രവർത്തനത്തിൽ അണി ചേരുന്നു. കേരളീയതയുടെ നിദർശനമായ ചുവർചിത്രകലയിലെ ഗവേഷകനായ ജി. അഴീക്കോടിന്റെ കേരളാ മ്യൂറൽ ആർട്ട് സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ മകൻ ബിജുവിന്റെ നേതൃത്വത്തിൽ ഒട്ടേറെ കലാകാരന്മാർ പ്രവർത്തിക്കുന്നു. സ്റ്റുഡിയോകൾക്കു പുറമേ വിശാലമായ ആർട്ട് ഗാലറിയും എപോറിയവും ഇവിടെയുണ്ട്. വനിതാദിനത്തിനോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിന്ന ചിത്രപ്രദർശനവും സായാഹ്ന കലാവിരുന്നും പ്രേക്ഷകശ്രദ്ധ നേടിയതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു. ശ്രീപ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. പ്രസാദിനൊപ്പം ഓപ്പറേഷൻസ് മാനേജർ എം.ടി. അഭിജിത്തും ബിസിനസ് ഡെവലപ്മെന്റ് മാനേജർ സതീഷ് കുമാറുമടങ്ങുന്ന ഒരു മികച്ച ടീമാണ് നേതൃത്വം.
ആയിരം പേർക്ക് ഒത്തു കൂടാവുന്ന ആംഫി തിയേറ്റർ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പം കൺസേർട്ട് ഹാളുമുണ്ട്. പാരമ്പര്യകരകൗശലങ്ങളുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, തദ്ദേശീയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ 'റെസ്പോൺസബിൾ ടൂറിസം പോളിസി"യുടെ കൂടി ഭാഗമാണ്. ആദിവാസി കലാ - ജീവിത സംസ്കാരം ആവിഷ്കരിക്കുന്ന ട്രൈബൽ വില്ലേജും ഉടൻ തുടങ്ങും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി അക്കാഡമിയാണ് ഉടനെ പ്രവർത്തനം തുടങ്ങുന്ന മറ്റൊരു വിഭാഗം. മെഡിസിനൽ ഗാർഡൻ, സ്പൈസസ് ഗാർഡൻ, ഹെർബൽ ഗാർഡൻ, ബട്ടർഫ്ളൈ ഗാർഡൻ, ഇവല്യൂഷൻ ഗാർഡൻ എന്നീ അഞ്ച് ഉദ്യാന സമുച്ചയങ്ങളും കേരള ക്രാഫ്റ്റ്സ് വില്ലേജിന്റെ പരിശോഭ കൂട്ടാനൊരുങ്ങുന്നു.
(ക്രാഫ്റ്റ് വില്ലേജിലെ ഫോൺ നമ്പരുകൾ: 9288001155, 9288001166)