priyadarshan-family

തിരുവനന്തപുരം: അച്ഛന്റെ സിനിമയ്ക്ക് മകന്റെ സ്‌പെഷ്യൽ ഇഫക്ട് വന്നുചേർന്നതോടെ ഇരുവരും ദേശീയ പുരസ്‌കാരത്തിന്റെ ചുംബനംനേടി. അതിന്റെ കഥ ഇങ്ങനെ:

'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയാക്കിയപ്പോൾ സ്‌പെഷ്യൽ ഇഫക്ട് ചെയ്യാൻ വിദേശ ടെക്നീഷ്യന്മാരുടെ പേരുകൾ ചർച്ചയ്ക്കു വന്നു. ഒടുവിൽ പ്രിയദർശൻ മോഹൻലാലിനോടു പറഞ്ഞു ''ചന്തുവിനെ കളത്തിലിറക്കാം''. അവൻ മതിയെന്ന് ലാലും. അമേരിക്കയിൽ വി.എഫ്.എക്സ് പഠിച്ച് അവിടെ ജോലി ചെയ്യുന്ന പ്രിയന്റെ മകൻ സിദ്ധാർത്ഥിന്റെ ചെല്ലപ്പേരാണ് ചന്തു. അച്ഛൻ വിളിച്ചു, മകൻ പറന്നെത്തി. ആദ്യം സംസ്ഥാന അവാർഡ്. ഇപ്പോഴിതാ ദേശീയ പുരസ്‌കാരവും. അവാർഡ് പ്രഖ്യാപന വേളയിൽ ആദ്യം കേട്ടത് സിദ്ധാർത്ഥ് പ്രിയദർശന്റെ പേരായിരുന്നു. മകനെ ഓർത്ത് അഭിമാനം കൊണ്ടിരിക്കുമ്പോൾ മികച്ച സിനിമയ്ക്കുള്ള അവാർഡും മരയ്ക്കാറിനാണെന്ന പ്രഖ്യാപനം വന്നു.

സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇങ്ങനയൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രിയദർശൻ 'കേരളകൗമുദി'യോടു പറഞ്ഞു. ''കച്ചവട സിനിമയായതുകൊണ്ട് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു. ജനപ്രിയ, കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരമാണ് പ്രതീക്ഷിച്ചത്. ഇതിനുമുമ്പ് കാഞ്ചീപുരം എന്ന തമിഴ് ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത്തവണ ആ നേട്ടം മലയാള സിനിമയ്ക്ക് കിട്ടിയത് സന്തോഷം ഇരട്ടിയാക്കുന്നു.''

വി.എഫ്.എക്സിനായി പുറത്തു നിന്ന് ഒരാളെ കൊണ്ടുവന്നാൽ ദിവസം ഒന്നൊന്നര ലക്ഷം രൂപ വേണ്ടിവരും. ഈ അവാർഡ് സിനിമയിൽ വർക്ക് ചെയ്ത മുഴുവൻ പേർക്കുമുള്ളതാണ്. ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ധൈര്യം തന്നത് മോഹൻലാലാണ്. 75 കോടി രൂപ ഇതിനകം ചെലവായ സിനിമ നിർമ്മിക്കാൻ തയ്യാറായ ആന്റണി പെരുമ്പാവൂരിനോടും കടപ്പാടുണ്ട്. അഞ്ച് ഭാഷകളിലായി മേയ് 13ന് ചിത്രം റിലീസ് ചെയ്യും പ്രിയൻ പറഞ്ഞു. ഇതുവരെ മലയാളത്തിൽ മികച്ച സിനിമ, സംവിധായകൻ പുരസ്‌കാരങ്ങൾ പ്രിയദർശന് ലഭിച്ചിട്ടില്ല.

കൂട്ടുകാരുടെ ഐശ്വര്യം

അവാർഡ് നേട്ടം അറിഞ്ഞ് സുഹൃത്തും നിർമ്മാതാവുമായ സുരേഷ്‌കുമാർ പ്രിയദർശനെ വിളിച്ചു. 'ഇത് കൂട്ടുകാരുടെ ഐശ്വര്യമാണ്. എന്റെ മുഖത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്' സിനിമയിൽ കൊച്ചി രാജാവിന്റെ വേഷമാണ് സുരേഷ്‌കുമാർ അഭിനയിച്ചത്. ചിത്രത്തിൽ നായിക സുരേഷിന്റെ മകൾ കീർത്തി സുരേഷ്. സഹസംവിധായികയായത് മറ്റൊരു മകൾ രേവതി. മോഹൻലാലിന്റെ മകൻ പ്രണവിന്റെ ജോഡിയായി അഭിനയിച്ചത് പ്രിയദർശന്റെ മകൾ കല്യാണി.

ലിസിക്കും സന്തോഷം

മകന് ദേശീയ അവാഡ് ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ലിസിയാണ്. സുഹൃത്തുകളോടെല്ലാം അവർ സന്തോഷം അറിയിച്ചു. പ്രിയദർശനുമായി വിവാഹമോചനം തേടിയെങ്കിലും പൊതു സുഹൃത്തുക്കളുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു.