
കഴിഞ്ഞൊരു ദിവസം രാത്രി ശേഖരൻകുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ, അവൻ മന്ദംപുറത്തുകാവിലേക്ക് ആഞ്ഞു നടക്കുകയാണ്! എന്താ ഈ രാത്രീല് അത്യാവശ്യായിട്ട് എന്ന എന്റെ ചോദ്യത്തിന്, കളിയാക്കിയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി : ''അപ്പോ തിരുവനന്തപുരത്തേക്കു പോയേപ്പിന്നെ നീ നാടിനെ മറന്നു, നാട്ടിലെ ആഘോഷങ്ങള് മറന്നു... എടാ ഇത് മീനമാസമാണെന്നെങ്കിലും നീ ഓർക്കണമായിരുന്നു...!""
എന്റെ മനസിലേക്ക് അപ്പോൾ മന്ദംപുറത്തുകാവിലെ മീനമാസരാത്രികളപ്പാടെ ഓടിവന്നു. മന്ദംപുറത്തുകാവിലെ മാത്രമല്ല, കുരുംബക്കാവിലേയും പുതിയോതിക്കാവിലേയും പൂമാലക്കാവിലേയും മാടായിക്കാവിലേയും പാടാർക്കുളങ്ങരക്കാവിലേയും പൂരോത്സവം എങ്ങനെയാണ് മറക്കുക? വാദ്യമേളവും തിടമ്പു നൃത്തവും പൂരക്കളിയും മറുത്തുകളിയും ചിലേടത്തൊക്കെ പൊറാട്ടുനാടകവുമൊക്കെ അരങ്ങേറും. ചുട്ടു പൊള്ളുന്ന പകലുകൾക്കുശേഷം കടന്നു വരുന്ന ഇളംകുളിരുള്ള രാത്രികളിൽ ഭഗവതിക്കാവുകളിലും ക്ഷേത്രങ്ങളിലും നാട്ടുകാർ കൂട്ടം കൂടും. ചാന്തുചീപ്പുവിൽപ്പനക്കാരുടേയും അങ്ങാടിപ്പലഹാരങ്ങളുടേയും തട്ടുകൾ സജീവമാകും. ചെറുവാല്യക്കാരികൾ അവയ്ക്കു മുന്നിൽ കലപില കൂട്ടുമ്പോൾ, ഞാനും ശേഖരൻകുട്ടിയും അന്ത്രുമാനും സെബാസ്റ്റ്യനും മോഹനകൃഷ്ണനുമൊക്കെ രാത്രിയുടെ സുഗന്ധവും ആവാഹിച്ച് നടക്കും....!
ശേഖരൻകുട്ടിയുടെ ചന്ദ്രിക മിന്നായം പോലെ മന്ദംപുറത്തുകാവിലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ കടന്നു പോവുമ്പോൾ അവന്റെ ഹൃദയം പടപടാന്ന് മിടിക്കുകയാവും. ചന്ദ്രികയുടെ നീൾമിഴിയിണകളിൽ ചെമ്പകപ്പൂക്കൾ വിടർന്നു നിൽപ്പുണ്ടാവും. വർഷങ്ങൾ കഴിഞ്ഞ് അവൻ ബങ്കളത്തെ ഗോമതിയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാനും അവനോടു ചോദിച്ചിരുന്നു, ഓർമ്മയുണ്ടോ ആ പൂരോത്സവനാളുകൾ, മന്ദംപുറത്തുകാവിലെ ചെമ്പകപ്പൂമണമുള്ള മീനമാസരാവുകൾ എന്ന്...!

രണ്ട്
ശേഖരൻകുട്ടിക്കിപ്പോൾ പത്തമ്പത്തേഴ് വയസായി. എന്നേക്കാൾ നേരത്തേ മംഗലം കഴിച്ച അവന്റെ മൂത്ത മകൾക്ക് ഏഴുവയസുള്ള മകളുണ്ട്. ശ്രീലക്ഷ്മി. രാവിലെ ചെമ്പകപ്പൂക്കൾ പറിച്ച് കാമദേവന് പൂജ നടത്തിയ അവളേയും കൊണ്ടാണ് അവൻ മന്ദംപുറത്തുകാവിലേക്ക് ഉത്സവം കൂടാൻ കഴിഞ്ഞ ദിവസം പോയതും എന്നെ മീനമാസരാവുകൾ ഓർമ്മിപ്പിച്ചതും. തലമുറകളിലൂടെ ഉത്തരകേരളത്തിൽ പൂരോത്സവം തളരാതെ മുന്നേറുന്നു. തളിർത്ത് പൂവിടുന്നു മീനമാസത്തിൽ കുളിയൻതറകളിലേയും വഴിയോരങ്ങളിലേയും ചെമ്പകമരങ്ങൾ...!
മീനമാസത്തിലെ കാർത്തിക മുതൽ പൂരം നക്ഷത്രം വരെയുള്ള ഒമ്പതു നാളുകളിലാണ് കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ പൂരോത്സവം. വസന്തർത്തുവിലെ മലരമ്പപൂജയായാണ് ഇതറിയപ്പെടുന്നത്. ഈ ദിനങ്ങളിൽ കൗമാരക്കാരികളായ പെൺകിടാങ്ങൾ വെളുത്ത ചെമ്പകപ്പൂക്കൾ കൊണ്ട് പൂവമ്പപൂജയൊരുക്കുന്നു. ഐതിഹ്യമിങ്ങനെ: സതീദേവിയുടെ വിയോഗത്താൽ ഖിന്നനായ ശിവൻ ഉഗ്രതപസിനു പോയതോടെ ദേവലോകത്തിന്റെ ഐശ്വര്യം മങ്ങി. ദേവന്മാർ ശിവനെ തപസിൽ നിന്ന് പിന്തിരിപ്പിക്കാൻ കാമദേവനെ നിയോഗിച്ചു. തന്റെ തീവ്രതപസിനു വിഘ്നം വരുത്തിയ കാമദേവനെ ശിവഭഗവാൻ തൃക്കണ്ണിൽ നിന്നുത്ഭവിച്ച അഗ്നിയാൽ ദഹിപ്പിച്ചു കളഞ്ഞു. ഭർതൃവിയോഗത്താൽ ദുഃഖാർത്തയായ രതിയെ കണ്ടു ഹൃദയമലിഞ്ഞ ശിവൻ, മൂന്നുലോകങ്ങളും ചേർന്ന് ചൈത്രമാസാദിത്യനായ വിഷ്ണുവിനെ പ്രസാദിപ്പിച്ചാൽ അദ്ദേഹം കാമോപലബ്ധിക്ക് വഴിയുണ്ടാക്കുമെന്ന് അശരീരി ചെയ്തു. അങ്ങനെ ത്രിലോകർ വിഷ്ണുവെ ശരണം പ്രാപിക്കുകയും ചൈത്രമാസം കാർത്തിക തൊട്ട് പൂരം വരെയുള്ള ഒൻപത് ദിനം പതിനെട്ടു കന്യകമാർ പൂക്കൾ കൊണ്ട് പൂവമ്പന്റെ രൂപം രചിച്ചാൽ അഭീഷ്ട സിദ്ധിയുണ്ടാവുമെന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അതുപ്രകാരം ഉത്സവകാലമായ ഒൻപതുദിവസം കൊണ്ട് ശേഖരിക്കപ്പെട്ട പൂക്കളാൽ അവസാനദിനം പൂവമ്പന്റെ രൂപം ഉണ്ടാക്കുന്നു. കാമദേവന്റെ ദഹനത്തോടെ ലോകത്ത് നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാൻ പെൺകൊടികൾ നടത്തുന്ന പ്രാർത്ഥനയുടെ ഉത്സവമായും പൂരം അറിയപ്പെടുന്നു. ശേഖരൻകുട്ടിയുടെ പ്രിയചന്ദ്രികയുടേയും കൂട്ടുകാരികളുടേയും കൺമിഴിയിണകളിൽ വർഷങ്ങൾക്കു മുമ്പ് തുളുമ്പി നിന്നത് ആ പ്രണയപ്പൂക്കളായിരുന്നുവോ? നാട്ടുചെമ്പകങ്ങൾ ഗ്രാമവീഥിയിൽ മീനമാസത്തിൽ തൂവെള്ളപ്പൂവുതിർക്കുന്നത് ഇപ്പോഴും പ്രണയമഴയായാണോ?!

മൂന്ന്
പൂരോത്സവത്തിന്റെ കായികമേഖലയാണ് പൂരക്കളി. മലരമ്പനുവേണ്ടി പെൺകുട്ടികൾ പൂവിടുമ്പോൾ ആണുങ്ങൾ നാരായണമന്ത്രം ജപിച്ച് താളത്തിൽ ചുവടു വെക്കുന്നു. രംഭാദികളായ സപ്തസുരാംഗനകൾ സ്വർഗത്തിലും അഹല്യ, സീത, താര, മണ്ഡോദരി, ദ്രൗപദി എന്നീ അഞ്ചുപേർ ഭൂമിയിലും രതിപ്രഭൃതികളായ ആറുനാരിമാർ അന്തരീക്ഷത്തിലും മന്മഥപുനരുജ്ജീവനത്തിനായി നടിച്ച മദനോത്തേകമായ നൃത്തത്തെ മുൻനിർത്തി പതിനെട്ടു നിറങ്ങളാണ് പൂരക്കളിയുടെ ആട്ടപ്രമാണം. ക്ഷേത്രാങ്കണമദ്ധ്യത്തിലുള്ള പീഠത്തിൽ ഭദ്രദീപം തെളിച്ച് മുതിർന്നവരും കുട്ടികളുമടങ്ങുന്ന കളിസംഘം ആചാര്യനായ പണിക്കരുടെ നേതൃത്വത്തിൽ, ചുവന്ന പട്ട് ഞൊറിഞ്ഞുടുത്ത് അതിന്മേൽ കറുത്ത ഉറുമാൽ ചുറ്റി, ലലാടത്തിൽ ചന്ദനക്കുറിയണിഞ്ഞ് നൃത്തത്തിന്റെ ചുവടുകൾ വെക്കുന്നു : നാരായണാ വാസുദേവാ കൈതൊഴുന്നേൻ... നാരായണാ, ഹരി നാരായണാ വാസുദേവാ എന്നു കൈത്തൊഴുന്നേൻ... നാരായണാ ഹരിനാരായണാ തത്തത്താ തൈതൈ, വാസുദേവാ എന്നു കൈത്തൊഴുന്നേൻ, തത്തത്താ തൈതൈ... പൂരക്കളിയോടൊപ്പം, വേദാന്താദി വിഷയങ്ങളിലുള്ള അവഗാഹം പരീക്ഷിക്കുന്ന മറുത്തുകളിയും പൂരോത്സവത്തിന്റെ അവസാനനാളിൽ നടക്കുന്ന പൂരംകുളിയും ഓർമ്മകളിൽ തെളിയുന്നു. പൂരം നക്ഷത്രത്തിൽ ക്ഷേത്രക്കുളത്തിൽ നടക്കുന്ന 'കാമദഹന"മായും പൂരംകുളി കണക്കാക്കപ്പെടുന്നു. പൂജാപാത്രങ്ങളും തിടമ്പുകളും തീർത്ഥസ്നാനം ചെയ്ത് 'പൂരം കുളിച്ച് മാടം കയറി' കാമനെ യാത്രയാക്കുമ്പോൾ, കഴിഞ്ഞ ഒൻപത് ദിനങ്ങളിലും കാമന് പൂവിട്ട പെൺകിടാങ്ങൾ പ്രണയപാരവശ്യത്താൽ പൂവമ്പനെ ഓർമ്മിപ്പിക്കുന്നു : കാമാ കാമാ എനിയത്തെ കൊല്ലോം വരണേ കാമാ, കഞ്ഞിക്ക് അരിയും കെട്ടി വരണേ കാമാ... ഒപ്പം, ഇത്തിരി കുശുമ്പോടെ ഞങ്ങളുടെ 'വടക്കത്തിപ്പെണ്ണുങ്ങൾ" ഒന്നുകൂടി പറയും : തെക്കൻദിക്കില് പോല്ലേ കാമാ, തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ, ഈന്തോല ചുട്ട് കരിക്ക്വേ കാമാ...! ഈട മാത്രം വരണേ കാമാ...!
നാല്
പൂവമ്പനും പൂമരവും പൂരവുമൊക്കെയായി, മീനമാസദിനങ്ങൾ പ്രണയഭരിതമാവുന്നത് ഒരുതരത്തിൽ നല്ലതുതന്നെ. പൊള്ളുന്ന മീനസൂര്യനെ മറികടക്കുവാൻ ഇക്കാലത്ത് ഇനിയും വെളുത്ത ചെമ്പകങ്ങൾ തുടുത്ത പൂക്കൾ വർഷിക്കട്ടെ. പ്രണയചന്ദ്രികമാരും മദനശേഖരൻകുട്ടിമാരും ഹൃദയവസന്തങ്ങളിലാറാടട്ടെ...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343