
തിരുവനന്തപുരം: ഇതുവരെ വന്ന എല്ലാ ചാനൽ സർവേഫലങ്ങളിലും എൽ.ഡി.എഫിനാണ് മുൻ തൂക്കം പ്രവചിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ ഭാഷയിലാണ് വിമർശനം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി. എന്നാൽ എക്സിറ്റ് പോൾ അല്ലാത്ത സർവേ ഫലങ്ങൾ നിരോധിക്കാനാകില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. ഇത് യു.ഡി.എഫിന് തിരിച്ചടിയായിരിക്കുകയാണ്.
സർവേ ഫലങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ടറുടെ മനസിനെ സ്വാധീനിക്കുമെന്ന പ്രധാന ആരോപണം. വിജയിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് അനുകൂലമായി വോട്ടറുടെ വിധിയെഴുത്തുണ്ടാകുമെന്നതാണ് ഇതിന് പിന്നിലെ മനശാസ്ത്രം. ഇതാണ് പ്രത്യക്ഷത്തിൽ രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്ന പ്രശ്നമെങ്കിലും വേറെയും ചില കാര്യങ്ങൾ ഇതിനുണ്ട്. അതിൽ പ്രധാനമാണ് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവും പാർട്ടിക്ക് വേണ്ട പ്രവർത്തന ഫണ്ട് കണ്ടെത്തലും. പരാജയപ്പെടുമെന്ന് ഉറപ്പുള്ള പാർട്ടിക്ക് കോർപ്പറേറ്റ് കമ്പനികൾ നൽകുന്ന സംഭാവന കുറയും. ചിലപ്പോൾ നൽകിയില്ലെന്നു തന്നെ വരും. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും. ഇതു യു.ഡി.എഫിൽ സംഭവിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എൽ.ഡി.എഫ് അവരുടെ പരസ്യങ്ങൾ അന്യഭാഷ മാദ്ധ്യമങ്ങളിൽ വരെ നൽകുമ്പോൾ മലയാള മാദ്ധ്യമങ്ങളിൽ പോലും കൃത്യമായി പരസ്യം നൽകാൻ യു.ഡി.എഫിന് സാധിക്കുന്നില്ല. ഇതിന് പുറമേ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യ പ്രചാരണത്തിൽ യു.ഡി.എഫ് പിന്നിലുമാണ്. ഇതെല്ലാം ഫണ്ടിലുണ്ടായ കുറവാണെന്ന് യു.ഡി.എഫ് നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില് കൂടിയാണ് ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾക്കെതിരെ യു.ഡി.എഫ് രംഗത്ത് വന്നത്.
സർവേകൾ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സർവേയാകാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് സർക്കാരിന്റെ അവസാനകാലത്ത് നൽകിയത്. അതിന്റെ പേരിലാണ് മാദ്ധ്യമങ്ങൾ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റ് ഫണ്ട് ഏറ്റവും അധികം ലഭിക്കുന്ന ദേശീയ പാർട്ടി ബി.ജെ.പിയാണ്. തൊട്ടു പിന്നാലെ കോൺഗ്രസുണ്ടെങ്കിലും ബി.ജെ.പിയുടെ അടുത്തു പോലും എത്തില്ല. സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെടുന്നതിന് അനുസൃതമായി കോൺഗ്രസിന് ഈ ഫണ്ടിൽ കാര്യമായി കുറവ് വന്ന് ഇപ്പോൾ ബാധ്യതയിൽ എത്തിയിരക്കുകയാണെന്നാണ് അടുത്തിടെ പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം ഫണ്ട് ലഭിക്കുന്നത് സി.പി.എമ്മിന് തന്നെയാണ്. തുടർഭരണം പ്രവചിക്കുന്ന സാഹചര്യത്തിൽ ഇതു വർദ്ധിക്കുകയാണെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ കരുതുന്നത്.