
ന്യൂയോർക്ക്: ദക്ഷിണകൊറിയൻ ഇലക്‌ട്രോണിക് ഭീമനായ എൽജി സ്‌മാർട്ഫോൺ നിർമ്മാണ രംഗത്ത് നിന്നും പിന്മാറാൻ തീരുമാനിച്ചു. ഒരു കൊറിയൻ ദിനപത്രമാണ് ഈ വിവരം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. സ്‌മാർട്ഫോൺ ബിസിനസ് ജർമ്മൻ കമ്പനിയായ ഫോക്‌സ്‌വാഗൺ എജിയ്‌ക്കോ വിയറ്റ്‌നാം കമ്പനിയായ വിൻഗ്രൂപ്പ് ജെഎസ്‌സിയ്‌ക്കോ വിൽക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് എൽജി കടുത്ത നടപടിയിലേക്ക് എത്തിയത്.
ഫോൺ നിർമ്മാണത്തിന് ചെയ്യാവുന്ന എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും നഷ്‌മായിരുന്നു ഫലമെന്ന് ജനുവരി മാസത്തിൽ എൽജി ഇലക്‌ട്രോണിക്‌സ് സിഇഒ ബോംഗ്‌സിയോക് അറിയിച്ചിരുന്നു. ചുറ്റും തിരിക്കാവുന്ന തരം ഡിസ്‌പ്ളെയുളള സ്‌മാർട്ഫോണിന്റെ നിർമ്മാണം കമ്പനി കഴിഞ്ഞ മാസം നിർത്തിയിരുന്നു. മൊബൈൽ യൂണിറ്റിലെ ജീവനക്കാരുടെ ഭാവികാര്യങ്ങൾ അടുത്തമാസം തീരുമാനിക്കുമെന്ന് കമ്പനി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് വർഷത്തിനിടെ സ്‌മാർട്ട്ഫോൺ വ്യവസായത്തിൽ എൽജിയ്‌ക്ക് 4.5 ബില്യൺ ഡോളറിന്റെ (32,856 കോടിരൂപ) നഷ്‌ടമുണ്ടായി. ഇത് വിൽപനയല്ല അടച്ചുപൂട്ടലാണ് നല്ലത് എന്ന തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചുവെന്നാണ് സൂചന. അതേസമയം സ്‌മാർട്ട്ഫോൺ വിഭാഗത്തിനെ എൽജി വേർതിരിച്ച് വിലക്കുറവുളള ഫോണുകൾ നിർമ്മിക്കുന്ന വിഭാഗം മറ്റ് ഫോൺനിർമ്മാണ പങ്കാളികൾക്ക് വിൽക്കാനും നിലവിൽ സാദ്ധ്യതയുണ്ട്. കമ്പനി ഇപ്പോൾ നിർമ്മിക്കുന്ന ഉയർന്ന നിലവാരമുളള ഫോൺ ശ്രേണി നിലനിർത്തിയാകും വിലക്കുറവുളള ഫോൺ വിഭാഗത്തെ വിൽക്കുക. അന്തിമതീരുമാനം ഉടനെ അറിയിക്കുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം.