
അറിയപ്പെടാതെ, എഴുതപ്പെടാതെ പോയ ആളുകളുടെ ജീവിതവും ദുരിതവും പറയുകയായിരുന്നു കെഞ്ചിരയിലൂടെ മനോജ് കാന. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ കഥ പറയണമെങ്കിൽ അവർക്കൊപ്പം ജീവിച്ച്, അവരുടെ പ്രശ്നങ്ങൾ നേരിൽ കണ്ട്, അവരിലൊരാളായി ജീവിക്കണമെന്നാണ് മനോജിന്റെ കാഴ്ചപ്പാട്. അതിന്റെ ശരിയായ തെളിവാണ് ' കെഞ്ചിര" എന്ന സിനിമ. അംഗീകാരങ്ങളും അഭിനന്ദനങ്ങളും കെഞ്ചിരയെ തേടിയെത്തുമ്പോൾ മനോജകാനയ്ക്കും ഏറെ പറയാനുണ്ട്. പണിയഭാഷയിലുള്ള മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരത്തിലെത്തി നിൽക്കുകയാണ് കെഞ്ചിര സ്വന്തമാക്കിയ നേട്ടങ്ങളുടെ യാത്ര.
പണിയഭാഷയിലുള്ള കെഞ്ചിരക്ക് ദേശീയ പുരസ്കാരം. എന്ത് തോന്നുന്നു?
മികച്ച പ്രാദേശിക ചിത്രം എന്ന നിലയിൽ കെഞ്ചിരക്ക് ഇതോടെ കൂടുതൽ റീച്ച് കിട്ടി. കൂടുതൽ പേർ ശ്രദ്ധിച്ചു. കൂടുതൽ പേർ കാണാൻ തയ്യാറാകും. സിനിമ പറയുന്ന വിഷയം ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രം എന്ന നിലയിൽ അവാർഡ് ലഭിച്ചിട്ടുണ്ട്, മികച്ച കാമറ, വസ്ത്രാലങ്കാരം എന്നിവയ്ക്ക്. ഇന്ത്യൻ പനോരമയിലേക്ക് സെലക്ഷനും കിട്ടി. കൊവിഡ് പശ്ചാത്തലത്തിൽ സിനിമകളൊന്നും ഇറങ്ങാത്തത് കൊണ്ട് കെഞ്ചിര ആരും കണ്ടില്ല. ഇനി എല്ലാവരും കാണും. സന്തോഷം.
എന്താണ് കെഞ്ചിര പറയുന്നത്?
കെഞ്ചിര വയനാടിന്റെ കഥയാണ്. വയനാട്ടിലെ മണ്ണിന്റെ മക്കളുടെ കഥ.പണിയ സമുദായത്തെയാണ് വരച്ച് കാട്ടിയത്. നേര് കൾച്ചറൽ സൊസൈറ്റിയും മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച സിനിമയാണിത്. അസ്തിത്വം നഷ്ടപ്പെടുന്ന ഗോത്ര ജീവിതത്തിന്റെ നേർ ചിത്രമാണിത്. കെഞ്ചിരയുടെ അഭിനേതാക്കളെല്ലാം ആദിവാസി കലാകാരന്മാരാണ്. പണിയ ഭാഷയിൽ തന്നെയാണ് ചിത്രീകരിച്ചത്. നായകൻ വിനുവും നായിക വിനുഷയും പണിയ വിഭാഗത്തിൽ നിന്നുള്ളവർ. നായകൻ വിനു നേര് നാടക വേദിയിലെ സ്ഥിരം ആർട്ടിസ്റ്റ് ആണ്.
ഒൻപത് വയസ് മുതൽ നാടകത്തിലൂടെ വളർന്നവൻ. കെഞ്ചിരയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിനിയായിരുന്നു വിനുഷ. സിനിമ പൂർത്തിയായപ്പോൾ വിനുഷ പത്താംതരം പാസായി. ഇപ്പോൾ പ്ളസ് വണ്ണിന് പഠിക്കുന്നു.
തെരുവ് നാടകത്തിൽ നിന്ന് സിനിമിയിലേക്കുള്ള യാത്ര?
ഞാൻ ഒരു തെരുവ് നാടകക്കാരനാണ്. അതിൽ അഭിമാനിക്കുന്നു. വയനാട്ടിലെ ആദിവാസി ഉൗരുകളിൽ ചെന്ന് അവരുടെ ഇടയിൽ പ്രവർത്തിച്ചു. അവരുടെ വിശ്വാസം പിടിച്ചെടുത്തു. അവരെ മുഖ്യകഥാപാത്രങ്ങളാക്കി. അവരുടെ കഥ പറഞ്ഞു. അഭിനയിക്കാൻ അവർക്ക് കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം തന്നെ ധാരാളം. ആദിവാസികൾ നാടകത്തിലായാലും പിന്നീട് സിനിമയിലായാലും ജീവിക്കുകയായിരുന്നു. ജൂറി അത് മനസിലാക്കി. കെഞ്ചിര സിനിമയിൽ പ്രധാന വേഷങ്ങളിൽ ഇരുപതോളം ആദിവാസി കലാകാരൻമാർ അഭിനയിച്ചു. വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ നിന്നും 450ഓളം ആദിവാസി കലാകാരൻമാർ വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തെരുവ് നാടകം തന്ന ഉൗർജമാണോ സിനിമയിലേക്കെത്തിച്ചത്?
ഒരു കാലത്ത് സാമൂഹികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നേരെ പ്രതികരിക്കുന്നത് നാടകം വഴിയാണ്. നേര് നാടക വേദിയുടെ തെരുവുനാടകമായിരുന്നു 'പട്ടിണി മരണം". പട്ടിണി കൊണ്ട് ആളുകൾ മരിക്കുന്നു. അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഭരണകൂടം. അതിനെതിരെ യാഥാർത്ഥ്യങ്ങളുമായി തെരുവിലിറങ്ങി. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നാടകം കളിച്ചു. രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് നാടകം. സാംസ്കാരിക പ്രവർത്തനമാണ് നാടകം. വയനാട്ടിലും സംഭവിച്ചത് അതുതന്നെയായിരുന്നു. പട്ടിണി മരണവും ചൂഷണവും. അവിവാഹിതരായ ആദിവാസി അമ്മമാർ വയനാട്ടിൽ ഏറെയുണ്ടായി. അനാഥഗർഭം പേറി അനാഥകുഞ്ഞുങ്ങളെ പ്രസവിച്ചവർ. അച്ഛനാരാണെന്ന് അറിയാത്ത ആദിവാസി കുട്ടികൾ. ഭരണകൂടങ്ങൾ അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ല. അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു.

കെഞ്ചിരക്ക് പിന്നിലെ ത്യാഗങ്ങൾ?
അതൊരു വലിയ അനുഭവമാണ്.ആറുവർഷം കെഞ്ചിരക്ക് വേണ്ടി അലഞ്ഞു. സ്ക്രിപ്ട് മലയാളത്തിൽ എഴുതി ആദിവാസി ഭാഷയിലേക്ക് മാറ്റുകയായിരുന്നു. ആദിവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തേണ്ടി വന്നു. പല ഘട്ടം കഴിഞ്ഞാണ് ഷൂട്ടിംഗിലേക്ക് കടന്നത്. ഇവരുമായുള്ള അനുഭവത്തിൽ നിന്നാണ് കെഞ്ചിരയുടെ സ്ക്രിപ്റ്റ് രൂപപ്പെടുന്നത്. കഥാപാത്രങ്ങളെ കണ്ടെത്താൻ ഏറെ യാത്ര ചെയ്തു. കുറേ കഷ്ടപ്പെട്ടു. സിനിമ ചിത്രീകരിച്ചത് ജനകീയ കമ്മറ്റി ഉണ്ടാക്കിയാണ്. തുടക്കത്തിൽ സാമ്പത്തികമായി നന്നേ ബുദ്ധിമുട്ട് അനുഭവിച്ചു.
ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തങ്ങളും പ്രശ്നങ്ങളുമാണ് വിഷയം. കുടകിൽ ഇഞ്ചിപ്പണിക്ക് പോകുന്ന നായിക ഗർഭിണിയാകുന്ന അവസ്ഥ. പുതിയ ഭൂമിയും പുതിയ ആകാശവും തേടിയുള്ള അവരുടെ യാത്ര. സങ്കീർണ്ണമായ ജീവിതത്തിന്റെ എല്ലാ അവസ്ഥയും സൂക്ഷമായി അവതരിപ്പിച്ചു. മുപ്പത്തിയഞ്ച് ദിവസമായിരുന്നു ഷൂട്ടിംഗ്.
അടുത്ത പ്രൊജക്ട്?
'ഖെദ്ദ" എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ആശാശരത്താണ് നായിക. ആശയുടെ മകൾ ഉത്തരയും ഇതിൽ അഭിനയിക്കുന്നുണ്ട്, അമ്മയും മകളുമായി തന്നെ. നായികാ പ്രാധാന്യമുള്ള സിനിമയാണിത്. രാഷ്ട്രീയ കഥയുമായി ബന്ധപ്പെട്ട സിനിമ മനസിലുണ്ട്. സ്ക്രിപ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു. നാലഞ്ച് മാസം കൊണ്ട് ഷൂട്ടിംഗ് ആരംഭിക്കും. ഞാൻ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വിഷയം ഉണ്ടാകുമ്പോൾ പൊതു സമൂഹവും ഭരണകൂടവും കലാകാരന്മാരും എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രമേയം. ഷെറിൻ ഗോവിന്ദന്റെ പടത്തിൽ ഞാൻ മുഖ്യകഥാപാത്രം ചെയ്തിട്ടുണ്ട്.
സാമ്പത്തിക ബാദ്ധ്യതകൾ കഴിഞ്ഞോ?
അമീബയും ചായില്യവും ചെയ്തത് വഴി വലിയൊരു സാമ്പത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. വീടും പറമ്പും ജപ്തിയുടെ ഘട്ടത്തിലാണ്. ദേശീയ അവാർഡുകൾ ലഭിച്ചത് വഴി ചിത്രം മാർക്കറ്റ് ചെയ്യണം. തീയേറ്ററുകളിൽ പടം കളിച്ചാലേ പ്രതിസന്ധികൾ മറികടക്കാൻ കഴിയൂ. അവാർഡുകൾ സാമ്പത്തിക ബാദ്ധ്യതയെന്ന കടമ്പ കടക്കാൻ സഹായിക്കുമെന്ന് വിചാരിക്കുന്നു.
ജനകീയ സിനിമ എന്ന സങ്കൽപ്പം വിട്ടുമാറി ചിന്തിക്കാൻ എന്താണ് കാരണം?
ഞാൻ ഉദ്ദേശിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യാൻ ആര് വന്നാലും അതിനെ സ്വാഗതം ചെയ്യും. സിനിമയെക്കുറിച്ച് എനിക്കൊരു സങ്കൽപ്പമുണ്ട്, കാഴ്ചപ്പാടുണ്ട്, രാഷ്ട്രീയമുണ്ട്. ആ കാഴ്ചപ്പാട് വിട്ട് ഒരു യാത്രയില്ല. പലപ്പോഴും പ്രൊഡ്യൂസർക്ക് വേണ്ടി കഥയുടെ ഗതി പോലും മാറ്റേണ്ടി വരും. പൊളിച്ചെഴുത്തും ആവശ്യമായിവരും. എനിക്കതിൽ ബുദ്ധിമുട്ടുണ്ട്. മറ്റൊരു കാഴ്ചപ്പാടായിരിക്കും ചിലർക്ക്.
ജോലിയും സിനിമയും എങ്ങനെ കൊണ്ട് പോകുന്നു?
ജോലി ജോലിയുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും. ആവശ്യം വരുമ്പോൾ അവധിയെടുക്കും. അങ്ങനെയാണ് മുന്നോട്ട് പോകുന്നത്.
തിരുവനന്തപുരത്ത് വിഷ്വൽ കമ്മ്യൂണിക്കേഷനിലായിരുന്നു. അതിന്റെ ഡയറക്ടറായി ഒമ്പത് മാസക്കാലം പ്രവർത്തിച്ചു. അവിടെ നിന്ന് ട്രാൻസ്ഫർ വാങ്ങി കണ്ണൂരിലേക്ക് വന്നു. സി ഡിറ്റിന്റെ പ്രൊഡ്യൂസർ ആണിപ്പോൾ. സർക്കാരിന്റെ പരിപാടികൾ ഷൂട്ട് ചെയ്യലാണ് പ്രധാനജോലി.
(മനോജ് കാന:9447036941
പ്രദീപ് മാനന്തവാടി 9447204774)