
ബർസാന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാൽപതിനായിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹിക അകലവും, മാസ്‌കും നിർബന്ധമാണെന്നും, ആൾക്കൂട്ടം ഒഴിവാക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് 'ലഡ്ഡു മാർ ഹോളി' ആഘോഷിക്കുന്ന ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീ രാധ റാണി ക്ഷേത്രത്തിൽ ഇന്നലെ ഒത്തുകൂടിയത്.ഒരു വാർത്ത ഏജൻസി പുറത്തുവിട്ട വീഡിയോയിൽ മാസ്‌ക് ധരിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കാണാം.
തടിച്ചുകൂടിയ ഭക്തർക്ക് ക്ഷേത്രത്തിലെ തൊഴിലാളികൾ ലഡ്ഡു എറിഞ്ഞുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് പിടിക്കാൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം മത്സരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇതൊന്നും യോഗിയോ, പ്രദേശിക ഭരണകൂടമോ കാണുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇപ്പോഴും കൊവിഡിനെ ഒരു തമാശയായിട്ടാണോ കാണുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.
ഹോളി, ഉത്സവങ്ങൾ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും, സംസ്ഥാനത്ത് നിരീക്ഷണം കർശനമാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ വൈകുന്നേരം നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഘോഷയാത്രകളോ സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
#WATCH 'Laddu Mar Holi' celebrated at Barsana's Shri Radha Rani Temple, earlier today pic.twitter.com/L7W3groaBH— ANI UP (@ANINewsUP) March 22, 2021