
പാവലിന്റെ കുടുംബത്തിൽ പെട്ട ഒരു പച്ചക്കറി വിളയാണ് കന്റോല. കയ്പ്പില്ലാത്ത പാവക്ക എന്നാണ് പൊതുവേ ഇവ അറിയപ്പെടുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ കന്റോല എത്തുന്നത്. സാധാരണ പാവലിൽ നിന്നും വ്യത്യസ്‌തമായി ഉരുണ്ട രൂപവും നീളത്തിലുള്ള ഞെട്ടുമാണ് കന്റോലയെ വേറിട്ട് നിറുത്തുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ പച്ചക്കറി വിളയാണിത്. പാവൽ പടർത്തുന്നതുപോലെ പന്തലിട്ട് വേണം കന്റോലയും വളർത്താൻ. നല്ല സൂര്യപ്രകാശമുള്ളിടത്ത് നല്ല വിളവ് ലഭിക്കും.
കിഴങ്ങാണ് നടീൽ വസ്‌തു. വലിയ കിഴങ്ങുകളാണെങ്കിൽ മുറിച്ച് വെയിലത്ത് വച്ചുണക്കിയ ശേഷം ഓരോ കുഴികളിലായി നടാവുന്നതാണ്. ചെറിയ കിഴങ്ങുകൾ അതുപോലെ തന്നെ നട്ടാൽ മതി. ചാണകപ്പൊടിയും ചകിരിച്ചോറും നിറച്ച കുഴികളിൽ വേണം കിഴങ്ങുകൾ നടാൻ. ആൺ-പെൺ ചെടികൾ ഇടകലർത്തി വേണം നടാൻ. കന്റോലയ്‌ക്ക് കൃത്രിമ പരാഗണം വേണം നടത്താൻ. കിഴങ്ങ് നട്ടു കഴിഞ്ഞാൽ ഏതാണ്ട് രണ്ട് മാസത്തിനുള്ളിൽ പൂവിട്ട് തുടങ്ങും. ആൺചെടികളിലെ പൂക്കളിലെ പൂമ്പൊടി പെൺപൂക്കളിലേക്ക് കൈകൊണ്ട് പരാഗണം ചെയ്‌താലേ കായ്ഫലമുണ്ടാകൂ. ഇവയ്‌ക്ക് സ്വന്തമായി പരാഗണം നടത്താനുള്ള കഴിവില്ല. കഴിവതും രാവിലെ തന്നെ പരാഗണം നടത്താൻ ശ്രദ്ധിക്കണം. പരാഗണം നടന്ന് കഴിഞ്ഞാൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിളവെടുക്കാനാകും. കായ്‌കൾ മഞ്ഞ നിറമാകുന്നതിന് മുന്നേ തന്നെ വിളവെടുക്കണം. നിറം മാറിക്കഴിഞ്ഞാൽ സ്വാദ് കുറയും. ഇലകളിൽ ബാധിക്കുന്ന കീടബാധയാണ് പ്രധാന പ്രശ്‌നം. വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്‌ത് കൊടുത്താൽ ആ പ്രശ്‌നം മാറിക്കിട്ടും. വിളവെടുപ്പ് കഴിയുന്നതോടെ ആൺ പെൺ ചെടികളുടെ കിഴങ്ങുകൾ പ്രത്യേകമായെടുത്ത് സൂക്ഷിക്കാവുന്നതാണ്.