nun-attack-case-in-up

ന്യൂഡൽഹി: ട്രെയിനിൽ മതം മാറ്റത്തിന് ശ്രമിച്ചെന്നാരോപിച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം വിവാദമാകുന്നു. മാർച്ച് 19 ന് ഡൽഹി-ഒഡീഷ ട്രെയിനിൽ ഉത്തർപ്രദേശിൽ വച്ചാണ് സംഭവമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരുസംഘം ആളുകൾ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബജ്രംഗദൾ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. നാല് കന്യാസ്ത്രീകളിൽ രണ്ടുപേർ ഒഡീഷ സ്വദേശികളും ഒരാൾ മലയാളിയുമാണ്. ഇവരിൽ രണ്ടുപേർ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം.

ബജ്രംഗദൾ പ്രവർത്തക്കരുടെ പരാതിയെ തുടർന്ന് റെയിൽവേ പൊലീസ് കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ രാത്രി 11.30 ഓടെയാണ് വിട്ടയച്ചത്. റെയിൽവേ സ്റ്റേഷനിൽ 150 തോളം ബജ്രംഗദൾ പ്രവർത്തകർ തടിച്ചുകൂടിയത് ആശങ്ക വർദ്ധിപ്പിച്ചു.

സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് കെസിബിസി. ഉത്തർപ്രദേശിൽ മാത്രമുള്ള മതംമാറ്റ നിരോധന നിയമം സന്യാസിനിമാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും വനിത പൊലീസ് ഇല്ലാതെയാണ് ബലമായി തീവണ്ടിയിൽ നിന്നും ഇറക്കികൊണ്ട് പോയതെന്നും കെസിബിസി കുറ്റപ്പെടുത്തി. വിഷയത്തിൽ കേരള സർക്കാരും ദേശീയ വനിത കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

സംഭവം യത്രക്കാർക്ക് റെയിൽവേ നൽകുന്ന സുരക്ഷിതത്വത്തെയും ഭരണഘടന നൽകുന്ന പൗരാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. റെയിൽവേയും കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാരും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.