space

ബഹിരാകാശത്തെ സ്റ്റാർ ഹോട്ടലിൽ പോയി പെഗ്ഗടിക്കുന്നതിനെപ്പറ്റിയോ സിനിമ കാണുന്നതിനെ പറ്റിയോ ​ ആഹാരം കഴിക്കുന്നതിനെ പറ്റിയോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?​ എന്നാലിനി മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ബഹിരാകാശത്ത് പോയി ചെയ്യാം. ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടൽ നിർമ്മിക്കുന്നതിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2027ഓടെ ഈ ഹോട്ടൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിക്ക് പുറത്തെ ആദ്യ ഹോട്ടലിന് വോയേജർ ക്ലാസ് സ്‌പേസ് സ്റ്റേഷനെന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഹോട്ടലിന് ഏകദേശം 400 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ബാറുകൾ, സിനിമ ഹാളുകൾ, ഭക്ഷണശാലകൾ മുതൽ ജിംനേഷ്യം വരെയുണ്ട് ഈ ബഹിരാകാശ ഹോട്ടലിൽ. എന്നാൽ ഈ ഹോട്ടലിന്റെ നിർമ്മാണം 2025ൽ മാത്രമെ ആരംഭിക്കുകയുള്ളു. ഈ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണച്ചുമതല അമേരിക്കൽ കമ്പനിയായ ഓർബിറ്റൽ അസംബ്ലി കോർപറേഷനാണ്.

കാലിഫോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ സ്വപ്‌ന സംരംഭത്തിന്റെ ചെലവ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഒ.എ.സിയുടെ ബഹിരാകാശ ഹോട്ടൽ ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വെയ്ക്കും. ചന്ദ്രന്റെ ഉപരിതലത്തിന്റേതിന് സമാനമായ കൃത്രിമ ഗുരുത്വാകർഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികൾക്ക് അനുഭവിക്കാനാവുക.

വൃത്താകൃതിയിൽ ലോഹത്തിലാണ് ഈ ഹോട്ടലിന്റെ നിർമ്മാണം. ബഹിരാകാശ ഹോട്ടലിന് സമീപം സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിൽ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും ബഹിരാകാശ ഗവേഷണത്തിനുമുള്ള അവസരവും ഒരുക്കും. ബഹിരാകാശ ഹോട്ടലിന്റെ 24 ഭാഗങ്ങളിൽ മാത്രമെ അതിഥികൾക്ക് പ്രവേശനമുള്ളു. ബാക്കിയുള്ള ഭാഗങ്ങൾ സർക്കാരിനോ,​ സ്വകാര്യ കമ്പനികൾക്കോ വാടകയ്ക്കോ സ്വന്തമായോ നൽകാനും പദ്ധതിയുണ്ട്.

സഞ്ചാരികൾക്ക് ഒരു ക്രൂസ് കപ്പലിന്റേതിന് സമാനമായ സൗകര്യങ്ങളാണ് ഹോട്ടലിൽ ഒരുക്കുക. പ്രത്യേക തീമുകൾ സെറ്റുചെയ്ത് റെസ്റ്റോറന്റുകൾ, ഹെൽത്ത് സ്പാ, ലൈബ്രറി തുടങ്ങി കൺസെർട്ട് വേദികൾ വരെ ഇവിടെയൊരുക്കും. സഞ്ചാരികളെ ഭൂമിയിൽ നിന്ന് ബഹിരാകാശ ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനാണ് നൽകിയിരിക്കുന്നത്.

ബഹിരാകാശ ഹോട്ടൽ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഒ.എ.സി. 15 ആഴ്ചത്തെ പ്രത്യേക പരിശീലനം പൂർത്തിയായ ശേഷം മാത്രമെ അതിഥികൾക്ക് ബഹിരാകാശ ഹോട്ടലിൽ താമസിക്കാനാകൂ. പരിശീലനത്തിനു ശേഷം പത്ത് ദിവസം ബഹിരാകാശ ജീവിതം ഭൂമിയിൽ കൃത്രിമമായി അനുഭവിച്ച ശേഷം മാത്രമെ സഞ്ചാരികൾക്ക് ബഹിരാകാശ ഹോട്ടലിന്റെ വാതിൽ കടക്കാൻ സാധിക്കു.