election

തിരുവനന്തപുരം: വോട്ടെടുപ്പിന് 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന തലസ്ഥാന ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പോരാട്ടം അപ്രവചനീയതയുടെ കുട ചൂടുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട് അനുദിനം ഏറി വരികയാണെങ്കിലും ഇതുവരെയും വോട്ടർമാരുടെ മനസ് സംബന്ധിച്ചുള്ള വ്യക്തമായ ധാരണകൾ ഒന്നും പാർട്ടികൾക്ക് കണക്ക് കൂട്ടിയെടുക്കാനായിട്ടില്ല.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ. ബി.ജെ.പി സാന്നിദ്ധ്യം കൂടുതൽ ശക്തമായതോടെ ഇടത്- വലത് മുന്നണികൾ തങ്ങളുടെ ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്താണ് പ്രചാരണം നടത്തുന്നത്. നിലനിറുത്താൻ ഭരണകക്ഷിയും പിടിച്ചെടുക്കാൻ യു.ഡി.എഫും അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോൾ വോട്ടർമാർ മനസിലൊളിപ്പിച്ചിരിക്കുന്നത് എന്തെന്നത് സംബന്ധിച്ച ആകാംക്ഷയും മുറ്റിനിൽക്കുന്നു.

 വിജയം ഉറപ്പിച്ചിറങ്ങി,​ ഇപ്പോൾ കടുത്ത മത്സരം

പ്രാഥമിക ഘട്ടത്തിൽ വിജയം ഉറപ്പിച്ചിറങ്ങിയ പല സ്ഥാനാർത്ഥികളും ഓരോ ദിവസം കഴിയുന്തോറും കടുത്ത മത്സരമാണ് അഭിമുഖീകരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അതിനാൽ തന്നെ പല മണ്ഡലങ്ങളിലും വിജയപരാജയങ്ങൾ പ്രവചനാതീതവുമാണ്. വോട്ടർമാരുടെ മനസ് ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ മാറിമറിയുമെന്ന ആശങ്ക മുന്നണികളെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്.

 കഴക്കൂട്ടവും നേമവും ഗ്ളാമർ മണ്ഡലങ്ങളായി

മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടവും കെ. മുരളീധരൻ മത്സരിക്കുന്ന നേമവും കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളായി മാറിക്കഴിഞ്ഞു. നാടകീയതകൾക്കൊടുവിൽ കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തിയതോടെയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിയത്. കഴിഞ്ഞ തവണ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇപ്പോൾ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. പ്രൊഫഷണലായ ഡോ. എസ്.എസ്. ലാലിനെ കോൺഗ്രസ് രംഗത്തിറക്കിയതോടെ വോട്ടർമാരുടെ മനസ് ചഞ്ചലമായിട്ടുണ്ട്. മാത്രമല്ല,​ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലാലിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വാധീനം നേടാനുമായിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ കഴക്കൂട്ടത്ത് മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുകയെന്ന വാഗ്ദാനമാണ് ലാൽ മുന്നോട്ട് വയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനെ ഗ്രേറ്റർ തിരുവനന്തപുരം കോർപ്പറേഷനാക്കുമെന്ന പ്രഖ്യാപനം അത്തരത്തിലൊന്നാണ്.

ശബരിമല പ്രശ്നത്തിന്റെ കേന്ദ്രബ്രിന്ദു പത്തനംതിട്ടയാണെങ്കിലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ശബരിമല വിഷയം ഉയർത്തിപ്പിടിച്ചാണ് വോട്ട് തേടുന്നത്. എന്നാൽ,​ മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ ഉയർത്തിക്കാണിച്ചാണ് കടകംപള്ളി ഇതിനെ പ്രതിരോധിക്കുന്നത്. തടയിടുന്നത്. മണ്ഡലത്തിൽ തനത് വികസനങ്ങൾ നടപ്പാക്കുമെന്നും ലാൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയങ്ങൾ പലതായതിനാൽ തന്നെ ഏത് വിഷയമാണ് ജനങ്ങളെ സ്വാധീനിക്കുക എന്നതിനെ കുറിച്ച് രാഷ്ട്രീയപാർട്ടികൾക്ക് ധാരണയൊന്നുമില്ല.

 പുതുമുഖങ്ങൾ വെല്ലുവിളി

പല മണ്ഡലങ്ങളിലും പുതുമുഖങ്ങൾ എത്തിയതോടെ വിജയം ഉറപ്പിച്ചിറങ്ങിയ സിറ്റിംഗ് എം.എൽ.എമാർ തെല്ല് അങ്കലാപ്പിലാണ്. വാമനപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര, കോവളം, തിരുവനന്തപുരം, അരുവിക്കര, ചിറയിൻകീഴ്, വർക്കല. വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെല്ലാം കട്ടയ്ക്കുള്ള പോരാട്ടങ്ങൾക്കാണ് ജനം സാക്ഷ്യം വഹിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കൊപ്പം മത,​ സാമുദായിക ബന്ധങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയാണ് സിറ്റിംഗ് എം.എൽ.എമാർക്കുള്ളത്. എന്നാൽ,​ ന്യൂജനറേഷൻ വ്യക്തിബന്ധങ്ങളും യുവജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയുമാണ് പുതുമുഖങ്ങളുടെ കൈമുതൽ.

 കന്നിക്കാർ,​ പക്ഷേ പരിചയക്കാർ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കന്നി അങ്കത്തിന് ഇറങ്ങുന്ന സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും മണ്ഡലത്തിൽ പുതുമുഖങ്ങളല്ലെന്നതാണ് പ്രത്യേകത. പാറശാലയിൽ മത്സരിക്കുന്ന അൻസജിത റസൽ നേരത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു. വാമനപുരത്തെ സ്ഥാനാർത്ഥി ആനാട് ജയൻ, കാട്ടാക്കടയിലെ മലയിൻകീഴ് വേണുഗോപാൽ എന്നിവരും ജില്ലാപഞ്ചായത്തിൽ മികച്ച പ്രവർത്തനം നടത്തിയവരാണ്. അരുവിക്കരയിലെ ഇടതുസ്ഥാനാർത്ഥി ജി.സ്റ്റീഫൻ സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്നു. അതിനാൽ തന്നെ മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളും സൗഹൃദങ്ങളും ഉള്ള വ്യക്തിയാണ്. നെയ്യാറ്റിൻകരയിൽ സെൽവരാജ് മുൻ എം.എൽ.എ.യാണ്.

ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥി ഒ.എസ്.അംബിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. തിരുവനന്തപുരത്തെ ആന്റണി രാജുവും കോവളത്തെ എ.നീലലോഹിതദാസൻ നാടാരും മുൻ എം.എൽ.എമാരാണ്. ബി.ജെ.പി. സ്ഥാനാർത്ഥികളായ വട്ടിയൂർക്കാവിലെ വി.വി.രാജേഷ്, കാട്ടാക്കടയിലെ പി.കെ.കൃഷ്ണദാസ്, അരുവിക്കര സി.ശിവൻകുട്ടി, പാറശാല കരമന ജയൻ എന്നിവരെല്ലാം ഇതേ മണ്ഡലങ്ങളിൽ മുമ്പ് മത്സരിച്ചിട്ടുള്ളവരാണ്.


നെടുമങ്ങാട് മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി ജി.ആർ.അനിലും യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.പ്രശാന്തും പുതുമുഖങ്ങളാണെങ്കിലും പാർട്ടി പ്രവർത്തനം വഴി എല്ലാവരെയും അറിയുന്നവരാണ്. അതിനാൽ തന്നെ മണ്ഡലത്തിലെ ജനങ്ങളുടെ മനസിലെന്തെന്ന് അറിയാൻ കഴിയാതെ ഉഴലുകയാണ് മുന്നണികൾ.