kk

കായലും കടലും ഒന്നിക്കുന്ന മനോഹരയിടമാണ് കാപ്പിൽ. തിരുവനന്തപുരം ജില്ലയിൽ വർക്കലയ്‌ക്ക് അടുത്തായുള്ള ഈ ബീച്ച് സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പരവൂർ കായലും കടലും ചേരുന്നയിടമാണ് കാപ്പിൽ. പൂഴിമണലും കടൽക്കാറ്റും കാറ്റാടിമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ബീച്ചും പാറക്കൂട്ടങ്ങളുമൊക്കെ സഞ്ചാരികളെ ആകർഷിക്കും. നാല് കിലോമീറ്റർ ദൂരത്തോളം കായലും കടലും വേർതിരിച്ചുള്ള മൺതിട്ടയുണ്ട്. അത് തന്നെയാണ് ഇവിടെത്തെ പ്രധാന ആകർഷണവും. കാപ്പിലിന്റെ മനോഹാരിത തിരിച്ചറിഞ്ഞ് വിവാഹഫോട്ടോഷൂട്ടും സീരിയൽ സിനിമാഷൂട്ടുമൊക്കെ നടത്താനെത്തുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തി ഭാഗമാണിത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ വേണ്ടി ബോട്ട് ക്ലബുകളും ഒരുക്കിയിട്ടുണ്ട്. കാപ്പിൽ ബീച്ചിൽ നിന്നുള്ള സൂര്യാസ്‌തമന കാഴ്‌ച‌കൾ കാണാനാണ് കൂടുതൽപ്പേരും എത്തുന്നത്. കാപ്പിൽ കണ്ടുമടങ്ങുന്നവർക്ക് വർക്കല ബീച്ചിലേക്കും പോകാവുന്നതാണ്. ഒരുതവണ ഇവിടുത്തെ കടലിൽ മുങ്ങിനിവരുമ്പോൾ പാപങ്ങൾ ഇല്ലാതാകുന്നു എന്നാണ് പാപനാശം കടലിനെ കുറിച്ചുള്ള വിശ്വാസം. പാരാസെയ്ലിങ്ങ്, സ്‌കൂബാ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങി നിരവധി സാഹസിക കായിക വിനോദങ്ങൾ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വർക്കല കടപ്പുറത്തെത്തിയാൽ പിന്നെയുമുണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട്‌ കേന്ദ്രങ്ങൾ. 800 വർഷം പഴക്കമുള്ള വർക്കല ജനാർദ്ദനസ്വാമിക്ഷേത്രമാണ് അതിൽ പ്രധാനം. പിന്നെയുള്ളത് ശിവഗിരി ആശ്രമം. ജനാർദ്ദനസ്വാമിക്ഷേത്രത്തിൽ നിന്ന് 3 കി.മി മാറിയാണ് ശിവഗിരി സ്ഥിതി ചെയ്യുന്നത്. കൊല്ലം തിരുവനന്തപുരം ജലഗതാഗതമാർഗത്തിലുള്ള വർക്കലത്തുരങ്കവും കണ്ട് മടങ്ങാം.

എത്തിച്ചേരാൻ

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കി.മീ ദൂരമുണ്ട് കാപ്പിലിലേക്ക്. വർക്കലയിൽ നിന്ന് എട്ട് കി.മീറ്ററും കൊല്ലത്ത് നിന്നും 25 കി.മീ ദൂരവുമാണുള്ളത്.