
കാസർകോട്: ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ഒരു വിവാദത്തിനില്ലെന്ന് പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഈ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. ശബരിമല വിഷയത്തിൽ ഒരിക്കൽ അന്തിമ വിധി വന്നാൽ അത് സമൂഹത്തിലെ എല്ലാവരുമായി ചർച്ച ചെയ്‌ത ശേഷമേ നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി സമ്മേളന ശേഷം കാസർകോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെന്നത് ഇപ്പോൾ വിഷയമല്ലെന്നും അത് സൃഷ്‌ടിക്കപ്പെട്ട വിഷയമാണെന്നും മുൻപ് യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര ഏജൻസികൾക്കെതിരെയും ഇന്ന് സീതാറാം യച്ചൂരി വിമർശനം ഉന്നയിച്ചു. ഭരണഘടനാ വിരുദ്ധമായി കേന്ദ്ര ഏജൻസികൾ സർക്കാരിനെ ആക്രമിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്നും തൃക്കരിപ്പൂരിൽ നടന്ന എം.രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു.
രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന് ബദലാവുകയാണ് കേരളം. 600ൽ 580 വാഗ്‌ദാനങ്ങളും സർക്കാർ നടപ്പാക്കി. മറ്റ് സർക്കാരുകളെ വച്ചുനോക്കുമ്പോൾ ഇത് റെക്കോർഡാണ്. കർഷക സമരത്തിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വിമർശിച്ച യച്ചൂരി ബിജെപി രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കാനും വൈവിദ്ധ്യം ഇല്ലാതാക്കാനും ശ്രമിക്കുന്നെന്നും ആരോപിച്ചു.