
തിരഞ്ഞെടുപ്പ് കാലത്തെ വിവാദപരാമർശങ്ങളിലൂടെ പലനേതാക്കളും വാർത്തകളിൽ നിറയാറുണ്ട്.ഈ തിരഞ്ഞെടുപ്പ് കാലത്ത് അത്തരത്തിൽ വാർത്തകളിൽ ഇടം നേടിയ നേതാവായിരുന്നു കോൺഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരൻ.മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ ജാതീയ അധിക്ഷേപം നടത്തിയത് വിവാദമായി. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ. സുധാകരൻ പറഞ്ഞു. തലശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
പിണറായി വിജയൻ ആരാ?പിണറായി വിജയൻ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുമ്പിൽ നിന്ന പിണറായി വിജയൻ ഇന്ന് എവിടെ?
ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അപമാനമാണോ, അഭിമാനമാണോ, സി.പി.എമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം, എന്നായിരുന്നു കെ. സുധാകരന്റെ വാക്കുകൾ.
നേരത്തെ സി.പി. എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെതിരെയും സുധാകരൻ രംഗത്തെത്തിയിരുന്നു. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താത്പര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ. സുധാകരൻ പറഞ്ഞത്.
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുഷ്പനെ അധിക്ഷേപിച്ചും കെ. സുധാകരൻ രംഗത്തെത്തി. പുഷ്പന് 35 ലക്ഷം രൂപ സർക്കാർ നൽകിയെന്നും കെ. സുധാകരൻ ആരോപിച്ചു.
''മുഖ്യമന്ത്രിയുടെ തറവാട്ട് സ്വത്തിൽനിന്നോ പാർട്ടി ഫണ്ടിൽനിന്നോ അല്ല അവന് തുക നൽകിയത്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാർട്ടി സഖാക്കൾക്കാണോ നൽകേണ്ടത് ""– സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കാൻ കെ.സുധാകരന് മേൽ സമ്മർദ്ദമേറി. നേമം മണ്ഡലത്തിൽ ശക്തമായ മൽസരം കാഴ്ച വെക്കാൻ എം.പിയായ മുരളീധരനെ ഇറക്കിയത് പോലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ശക്തമായ മൽസരം വേണമെന്ന ചിന്തയായിരുന്നു ഇതിനുപിന്നിൽ. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയില്ലാത്തത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു കെ.പി.സി.സിയുടെ നിലപാട്. സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയർന്നെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.
ധർമ്മടത്ത് കെ. സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുമെന്ന് എ.ഐ.സി.സി സെക്രട്ടറി കെ. സി. വേണുഗോപാലും അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ തീരുമാനമെടുക്കാൻ ഒരു മണിക്കൂർ വേണമെന്നു പറഞ്ഞ് സുധാകരൻ പ്രതീക്ഷ നൽകി. ഇതിനിടെ ധർമ്മടത്ത് നിന്നുള്ള പാർട്ടി നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത് അഭ്യൂഹം ശക്തമാക്കി. തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്ന് വാർത്തകൾ വന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ നിന്നു മത്സരിക്കണമെന്ന കെ.പി.സി.സിയുടെ നിർദ്ദേശം കെ. സുധാകരൻ നിരസിച്ചു. ധർമ്മടത്ത് മത്സരിക്കാനില്ലെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തന്റെ സാന്നിദ്ധ്യം ആവശ്യമായതിനാൽ ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചതായും കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മണ്ഡലത്തിൽ മൽസരിക്കുന്നതിനു മുമ്പ് പ്രായോഗികമായി പലതും ചെയ്യേണ്ടതുണ്ട്. അതിന് ഒട്ടും സമയം കിട്ടിയിട്ടില്ല. താൻ മൽസരിക്കുന്നത് മറ്റു മണ്ഡലങ്ങളെ ബാധിക്കുമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തണം. അവസാന നിമിഷത്തെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യില്ല. ഇതിനാൽ തന്നെ ഒഴിവാക്കിത്തരണമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ധർമ്മടത്ത് പിണറായി വിജയനെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് പത്രിക നൽകി. സുധാകരന്റെ ഈ പിന്മാറ്റം കേരളകൗമുദിയിൽ കാർട്ടൂണായി. അന്തരിച്ച ചലച്ചിത്രനടൻ ജയൻ ഡ്യൂപ്പില്ലാതെ ചിത്രീകരിച്ച വിഖ്യാതമായ കോളിളക്കം എന്ന സിനിമയിലെ രംഗങ്ങൾ അനുസ്മരിപ്പിക്കുന്നതായിരുന്നു കാർട്ടൂൺ.ഹെലികോപ്ടറിൽ ഉയർന്നുപറക്കുന്ന പിണറായിയെ പിടിക്കാൻ ബൈക്കിൽ വരുന്ന സുധാകരനും ചെന്നിത്തലയും മുല്ലപ്പള്ളിയുമായിരുന്നു കാർട്ടൂണിൽ. സീൻ റിസ്ക് ആണെന്നും അതിനാൽ ഡ്യൂപ്പിനെ ഇറക്കാം എന്നുമാണ് കാർട്ടൂണിലെ സുധാകരന്റെ ഡയലോഗ്. തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ കൂട്ടത്തിൽ ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിത്തന്ന കാർട്ടൂണായിരുന്നു ഇത്.
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)