driverless-cars

അബുദാബി: ഡ്രൈവറില്ലാത്ത കാറിൽ സഞ്ചരിക്കാൻ നിങ്ങൾ തയ്യാറാണോ എന്നാൽ സൗജന്യ യാത്ര നൽകാൻ കാർ കമ്പനിയും തയ്യാറാണ്. അബുദാബിയിൽ ഡ്രൈവറില്ലാത്ത കാറുകൾ നിരത്തിലെത്തിക്കുന്നതിന്റെ ഭാഗമായിയുള്ള ആദ്യ ഘട്ട പരിശീലന ഓട്ടത്തിലാണ് ബയനാത്ത് എന്ന കമ്പനി ഈ കിടിലം ഓഫർ മുന്നോട്ട് വയ്ക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായിയാണ് പദ്ധതി അബുദാബിയിൽ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്നും രണ്ടാം ഘട്ടത്തിൽ പത്തും വാഹനങ്ങൾ നിരത്തിലൂടെ ഓടിക്കും. അബുദാബിയിലെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, എയർപോർട്ട്, ഷോപ്പിംഗ് മാളുകൾ എന്നിവയെ ബന്ധിക്കുന്ന കണക്ഷൻ സർവീസായിയാണ് വാഹനങ്ങൾ ഓടുക. ഡ്രൈവിംഗ് ഓട്ടോമാറ്റിക് ആണെങ്കിലും പരീക്ഷണ കാലയളവിൽ ഡ്രൈവിംഗ് സീറ്റിൽ കമ്പനി പ്രതിനിധിയുണ്ടാകും.

ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന് പുറമേ റഡാർ, സ്റ്റിരിയോസ്‌കോപിക് വിഷൻ സിസ്റ്റം, ജിപിഎസ്, ഒപ്റ്റിക്കൽ ഒപ്ജറ്റ് റെക്കോഗണൈസിഡ് സിസ്റ്റം, റിയൽ ടൈം പൊസിഷൻ സിസ്റ്റം തുടങ്ങിയവയുടെ സഹായത്തോടുകൂടിയാണ് വാഹനം സ്വയം നിയന്ത്രിക്കുന്നത്. പരീക്ഷണ ഓട്ടത്തിനായി കമ്പനി അധികൃതരും അബുദാബി മുൻസിപ്പൽ ട്രാൻസ്‌പോർട്ട് അധികൃതരും തമ്മിൽ ധാരണപത്രം ഒപ്പു വച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമ്പോൾ ഇത് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.