പണിയ ഭാഷയിൽ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ് കാരം കരസ്ഥമാക്കിയ കെഞ്ചിരയുടെ വിശേഷത്തിൽ സംവിധായകൻ മനോജ് കാന

ആദിവാസി ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ് മനോജ് കാന രചനയും സംവിധാനവും നിർവഹിച്ച കെഞ്ചിര. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച വസ്ത്രാലങ്കാരം എന്നീ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെയാണ് കെഞ്ചിരയ്ക്ക് ദേശീയ അംഗീകാരം.
 ''ഇരുപത്തിയഞ്ച് വർഷമായി ആദിവാസി വിഭാഗങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അവരുടെ വേദനകളും പ്രശ്നങ്ങളും എന്റേത് കൂടിയാണ്. അവർ എന്നോട് എല്ലാ പ്രശ്നങ്ങളും അവരിലൊരാളെന്ന പോലെ തുറന്ന് പറയാറുണ്ട്. സ്നേഹവും കരുതലും കരുണയും അവർക്ക് പലപ്പോഴും കിട്ടാറില്ല. അവരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. പലരും കവർന്നെടുക്കുകയാണ്. അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്താനും  അതു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് ഞാൻ ശ്രമിച്ചത്.'' മനോജ് കാന പറഞ്ഞു.പതിമൂന്നാം വയസിൽ ഗർഭിണിയാകുന്ന കെഞ്ചിര എന്ന പെൺകുട്ടിയിലൂടെ ആദിവാസിസമൂഹം കാലങ്ങളായി അനുഭവിക്കുന്ന വിവേചനങ്ങളും നീതിനിഷേധങ്ങളുമാണ് സിനിമ പറയുന്നത്. വയനാട്ടിലെ കൂടൽക്കടവിലായിരുന്നു ചിത്രീകരണം. കെഞ്ചിരയായി വേഷമിട്ട ഒമ്പതാം ക്ലാസുകാരി വിനുഷയടക്കം അഭിനയിച്ചവരെല്ലാം ആദിവാസി ഊരിലുള്ളവരായിരുന്നു. ''ഭൂരിഭാഗം പേർക്കും എഴുത്തും വായനയും അറിയാത്തതിനാൽ സംഭാഷണം പഠിച്ചുപറയുകയായിരുന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്വാഭാവിക സംഭാഷണങ്ങളാണ് എല്ലാവരുടേതും.കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം അംഗീകാരം നേടിയിരുന്നു.
പൊതുസമൂഹം ആദിവാസി വിഭാഗങ്ങളോട് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഏറെ വർഷങ്ങളായി ആദിവാസികൾക്കൊപ്പം ജീവിക്കുകയും നാടകം കളിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന ആളാണ് ഞാൻ. വർഷങ്ങളെടുത്താണ് 'കെഞ്ചിര" പൂർത്തിയാക്കിയത്.
ഞാൻ കണ്ടതും ഇടപെട്ടതുമായ വിഷയമാണ് കെഞ്ചിരയിൽ പറഞ്ഞത്. പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികമാർ ഗർഭം ധരിക്കുന്നത് കോളനികളിൽ നിത്യ സംഭവമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. മുത്തച്ഛൻ ഒരു ബാലികയെ ഗർഭിണിയാക്കിയ സംഭവത്തിൽ എനിക്ക് ഇടപെടേണ്ടി വന്നു. ഇവിടുത്തെ പെൺകുട്ടികളെ അത്തരക്കാരിൽ നിന്നു രക്ഷിക്കാൻ ആ കോളനിക്ക് ദിവസങ്ങളോളം കാവൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. അവിഹിത ഗർഭം ധരിച്ച പെൺകുട്ടിക്ക് ആ മുത്തച്ഛൻ നൽകിയത് വെറും 200 രൂപയാണ്. പെൺകുട്ടിയുടെ ചാരിത്രത്തിന് വില പറയുന്ന ഒരു സമൂഹം. അവർക്കെതിരെയാണ് ഈ സിനിമ. പൊള്ളിക്കുന്ന അവരുടെ ജീവിതയാഥാർഥങ്ങൾ പറയാനാണ് കെഞ്ചിരയിലൂടെ ശ്രമിച്ചത്. പുറത്ത് നിന്നു ആദിവാസികളിലേക്ക് നോക്കാനല്ല ഞാൻ ശ്രമിച്ചത്. അവരുടെ കൂടെ നിന്ന് അവർക്കൊപ്പം അവരുടെ പ്രശ്നങ്ങൾ കാണുകയും അനുഭവിക്കുകയുമായിരുന്നു. അത്തരം അനുഭവങ്ങൾ എന്നെ ആക്രമിക്കുന്ന വേളകളിലാണ് ഇത്തരം സിനിമകൾ പിറന്നു വീഴുന്നത്.'' മനോജ് കാനയുടെ വാക്കുകൾ.
സംസ്ഥാന അവാർഡ് നേടിയ ഉറാട്ടി എന്ന നാടകത്തിലൂടെയാണ്  മനോജ് കാന കലാരംഗത്ത് എത്തുന്നത്.രാജ്യാന്തര ശ്രദ്ധയും ഒട്ടേറെ പുരസ്കാരങ്ങളും കരസ്ഥമാക്കിയ ചായില്യം, അമീബ എന്നിവയാണ് മറ്റു സിനിമകൾ.ഖെദ്ദയാണ് മനോജ് കാനയുടെ പുതിയ ചിത്രം. പേര് വ്യക്തമാക്കുന്നതുപോലെ കെണിയുടെ കഥയാണ് ഖെദ്ദ. നവമാദ്ധ്യമങ്ങൾ ഉയർത്തുന്ന അതീവ ഗുരുതരമായ പ്രശ്നം ചർച്ച ചെയ്യുന്നു.ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷത്തിൽ എത്തുന്ന ഖെദ്ദയുടെ ചിത്രീകരണം പൂർത്തിയായി.