vaccination-3rd-stage-

ന്യൂഡൽഹി: 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് വാക്സിനേഷനിലെ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൂടുതൽ വാക്സിൻ മാർക്കറ്റിലെത്തിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി 16 നാണ് രാജ്യത്ത് ഒന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത്. ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉൾപ്പെടയുള്ള മുൻനിര പോരാളികൾക്കുമാണ് വാക്സിൻ നൽകിയത്. രണ്ടാംഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 50 വയസിന് മുകളിലുള്ളവർക്കുമാണ് വാക്സിൻ നൽകിയത്. അതേസമയം ഇന്ത്യയിൽ വീണ്ടും കൊവിഡ് രോഗവ്യാപനം വർദ്ധിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ഇതിനെ നേരിടുന്നതിന് കൂടുതൽ വാക്സിനുകൾ വേണമെന്ന ആവശ്യവും സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.