
ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച്-ആഗസ്‌റ്റ് കാലയളവിൽ വിവിധ വായ്‌പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം മൂലം ബാങ്കുകൾ നേരിട്ട കിട്ടാക്കടബാദ്ധ്യത 1.3 ലക്ഷം കോടി രൂപ. മോറട്ടോറിയം കാലയളവിലെ വായ്‌പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത്തരം വായ്‌പകളുടെ കണക്ക് എടുക്കണമെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
റിസർവ് ബാങ്കിന്റെ ഉത്തരവുള്ളതിനാൽ കിട്ടാക്കടത്തിൽ മോറട്ടോറിയം വായ്‌പകളെ ബാങ്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബർ 31ലെ കണക്കുപ്രകാരം ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 7.4 ലക്ഷം കോടി രൂപയാണ് (മൊത്തം വായ്‌പകളുടെ 7.1 ശതമാനം). മോറട്ടോറിയം വായ്‌പകളെ കൂടി ഇതിലുൾപ്പെടുത്തിയാൽ കിട്ടാക്കടം 8.7 ലക്ഷം കോടി രൂപയാകും (മൊത്തം വായ്‌പകളുടെ 8.3 ശതമാനം); വർദ്ധന 1.3 ലക്ഷം കോടി രൂപ.
അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) ഡിസംബർ 31പ്രകാരം 1.7 ലക്ഷം കോടി രൂപയാണ് (1.7 ശതമാനം). മോറട്ടോറിയം വായ്‌പകൾ കൂട്ടിച്ചേർത്താൽ ഇത് മൊത്തം വായ്‌പകളുടെ 2.7 ശതമാനം അഥവാ 2.7 ലക്ഷം കോടി രൂപയാകും; വർദ്ധന ഒരുലക്ഷം കോടി രൂപ. അതായത്, ജി.എൻ.പി.എയിൽ 1.2 ശതമാനവും എൻ.എൻ.പി.എയിൽ ഒരു ശതമാനവും വർദ്ധനയാണ് ബാങ്കുകൾക്കുണ്ടായ അധിക ബാദ്ധ്യത.
അതേസമയം, നിലവിൽ ബാങ്കുകളുടെ സാമ്പത്തികസ്ഥിതിയെ കിട്ടാക്കട പ്രതിസന്ധി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അനുവദിച്ച വായ്‌പാത്തുകയുടെ 15 ശതമാനം കരുതൽ ധനമായി സൂക്ഷിക്കാൻ ബാങ്കുകൾക്ക് നിർദേശമുണ്ട്. മോറട്ടോറിയം വായ്‌പകളെ കിട്ടാക്കടമായി തരംതിരിക്കരുതെന്ന ഇടക്കാല വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന പ്രതീക്ഷയോടെ മിക്ക ബാങ്കുകളും പ്രൊവിഷനിംഗ് ഇനത്തിൽ വൻതുക നീക്കിവച്ചിട്ടുമുണ്ട്. കിട്ടാക്കടം തരണം ചെയ്യാൻ ലാഭത്തിൽ നിന്ന് നിശ്‌ചിത തുക നീക്കിവയ്ക്കുകയാണ് ചെയ്യുക.
പിഴപ്പലിശ റദ്ദാക്കൽ:
ബാദ്ധ്യത ₹14,000 കോടി
മോറട്ടോറിയം കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന വാദം അംഗീകരിച്ചില്ലെങ്കിലും പിഴപ്പലിശ ഈടാക്കരുതെന്ന് ബാങ്കുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുകോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശയിനത്തിൽ 6,500 കോടി രൂപ കേന്ദ്രസർക്കാർ നേരത്തേ ഉപഭോക്താക്കൾക്ക് മടക്കിനൽകിയിരുന്നു. എല്ലാ വായ്‌പകളുടെയും പിഴപ്പലിശ ഒഴിവാക്കണമെന്ന പുതിയ ഉത്തരവുപ്രകാരം 7,500 കോടി രൂപ കൂടി മടക്കിനൽകേണ്ടി വരും. ഇതോടെ, ഈയിനത്തിലെ മൊത്തം ബാദ്ധ്യത 14,000 കോടി രൂപയാകും.