
മസാല ഊത്തപ്പം
ചേരുവകൾ
പച്ചരി......ഒരുകപ്പ്
ഉഴുന്ന്.......അരക്കപ്പ്
സവാള ചെറുതായരിഞ്ഞത്.......ഒരു കപ്പ്
തക്കാളി ചെറുതായരിഞ്ഞത്......ഒരു കപ്പ്
ആവിയിൽ വേവിച്ച കോൺ......ഒരു കപ്പ്
കാപ്സികം ചെറുതായരിഞ്ഞത്.......ഒരു കപ്പ്
മല്ലിയില.......അര കപ്പ്
പച്ചമുളക്........ഒരെണ്ണം (ചെറുതായരിഞ്ഞത്)
പഞ്ചസാര......ഒരു ടീ.സ്പൂൺ
ബേക്കിംഗ് സോഡ.....അര ടീ.സ്പൂൺ
എണ്ണ......ആവശ്യത്തിന്
ഉപ്പ്..........പാകത്തിന്
തയ്യാറാക്കുന്നവിധം
അരിയും ഉഴുന്നും പ്രത്യേകം പ്രത്യേകം കഴുകി അരിച്ചു വാരി പ്രത്യേകം പാത്രത്തിലാക്കി നാലു മണിക്കൂർ കുതിരാനായി വയ്ക്കുക. ഇവ രണ്ടും ഒരു മിക്സി ജാറിലാക്കി അരക്കപ്പ് വെള്ളവും ചേർത്ത് അരച്ച് കട്ടിയായ മാവാക്കി വയ്ക്കുക. ഇതൊരു വലിയ ചരുവത്തിലേക്ക് പകരുക. ഇതിൽ പഞ്ചസാരയും ബേക്കിംഗ് സോഡയും ചേർത്ത് ചൂടുള്ള പ്രതലത്തിൽ മൂന്നുമണിക്കൂർ വയ്ക്കുക. മാവ് പുളിച്ച് നന്നായി പൊങ്ങിയിരിക്കണം. വേണമെങ്കിൽ അല്പം വെള്ളം കൂടി ഒഴിക്കാം. മാവ് നന്നായിളക്കുക. ഉപ്പിട്ട് ഇളക്കുക. ഒരു മിക്സിംഗ് ബൗളിൽ സവാള, തക്കാളി, കാപ്സിക്കം, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായരിഞ്ഞിട്ട് കോണും ചേർത്ത് ഇളക്കി വയ്ക്കുക. ഒരു നോൺസ്റ്റിക്ക് ദോശ പാനിൽ എണ്ണ തേച്ച് അടുപ്പത്തുവച്ച് ചൂടാക്കി അല്പം വെള്ളം തളിക്കുക. ഇനി ഒരു തവി മാവ് ഒഴിച്ച് നാലിഞ്ച് വൃത്തത്തിൽ പരത്തുക. മീതെ പച്ചക്കറികൾ യോജിപ്പിച്ച് വച്ചതിൽ കുറേശ്ശെ വിതറി രണ്ടുമിനിട്ട് വേവിച്ച് മറിച്ചിട്ട് ബട്ടർ ഒഴിച്ച് വാങ്ങുക.

മത്തങ്ങ മസാലക്കറി
ചേരുവകൾ
1. മത്തങ്ങ(കഷണങ്ങളാക്കിയത്) ..........ഒന്നര കപ്പ്
സവാള (അരിഞ്ഞത്) ..........കാൽകപ്പ്
ജീരകം .........അര ടീസ്പൂൺ
2. ടുമാറ്റോ (അരിഞ്ഞത്)...........ഒന്ന്
3. കുരുമുളകുപൊടി ...........അര ടീസ്പൂൺ
മല്ലിപ്പൊടി............ഒരു ചെറിയസ്പൂൺ
മുളകുപൊടി...............ഒന്നരടീസ്പൂൺ
മഞ്ഞൾപൊടി ................പാകത്തിന്
ഉപ്പ് ..................ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ജീരകം ഇട്ട് മൂക്കുമ്പോൾ സവാളയും മത്തങ്ങയും ചേർത്ത് വഴറ്റുക. മൂന്നാമത്തെ ചേരുവകൾ രണ്ട് കപ്പ് വെള്ളത്തിൽ കലക്കി കറിയിൽ ഒഴിച്ച് തിളപ്പിക്കുക. ടുമാറ്റോയും ചേർത്ത് തിളച്ച് കുറുകുമ്പോൾ മല്ലിയിലയും ഇട്ട് വാങ്ങുക. മത്തങ്ങാ വെന്ത് ഉടഞ്ഞിരിക്കണം.
കടലപ്പരിപ്പ് - കാബേജ്
തേങ്ങാപ്പാൽ കറി
ചേരുവകൾ
കടലപ്പരിപ്പ് .......... അരക്കപ്പ്
കാബേജ് (ഒരിഞ്ച് നീളത്തിൽഅരിഞ്ഞത്) ...........ഒന്നരക്കപ്പ്
സവാള ( നീളത്തിൽ അരിഞ്ഞത്)............... കാൽക്കപ്പ്
കാപ്സിക്കം (നീളത്തിൽ നുറുക്കിയത്).............രണ്ട് ടേ.സ്പൂൺ
കടുക് ...............ഒരു ടീസ്പൂൺ
കറിവേപ്പില ............. ഒരു തണ്ട്
പച്ചമുളക് (രണ്ടായി പിളർന്നത്) .................... നാല്
വെളിച്ചെണ്ണ............... ഒരു ടേ. സ്പൂൺ
കാശ്മീർ മുളകുപൊടി...... ഒരു ടീസ്പൂൺ
ഉപ്പ് ..................ആവശ്യത്തിന്
മഞ്ഞൾപ്പൊടി..................പാകത്തിന്
തേങ്ങാപ്പാൽ.................... മുക്കാൽക്കപ്പ്
തയ്യാറാക്കുന്നവിധം
ആവശ്യത്തിന് വെള്ളമൊഴിച്ച് കടലപ്പരിപ്പ് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ സവാളയും കാബേജും ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോൾ പച്ചമുളകും കാപ്സിക്കവും ചേർത്ത് വഴറ്റുക. ഇതിലേക്ക് കാബേജ് കൂട്ട് ഒഴിക്കുക. തിളച്ച് വെള്ളം വറ്റുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് വാങ്ങുക.
പനീർ - പൊട്ടറ്റൊ പെപ്പർ മസാല
ചേരുവകൾ
ഉരുളക്കിഴങ്ങ് (ചതുരത്തിൽമുറിച്ചത്)............ അരക്കപ്പ്
പനീർ (കഷണങ്ങളാക്കിയത്)..... അരക്കപ്പ്
കാപ്സിക്കം(കഷണങ്ങളാക്കിയത്) ... രണ്ടു ടേ.സ്പൂൺ
ടുമാറ്റോ പ്യൂരി...............കാൽക്കപ്പ്
സവാള (അരിഞ്ഞത്) .........കാൽക്കപ്പ്
മല്ലിപ്പൊടി ............. ഒരു ടീസ്പൂൺ
മുളകുപൊടി ...............ഒരു ടീസ്പൂൺ
മസാലപ്പൊടി ............. അര ടീസ്പൂൺ
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്....................അര ടീസ്പൂൺ
പച്ചകുരുമുളക്(അരച്ചത്)...................ഒന്നര ടീസ്പൂൺ
ഉപ്പ് ..................... ആവശ്യത്തിന്
ഫ്രഷ് ക്രീം .................... കാൽക്കപ്പ്
കസൂരി മേത്തി...............ഒരു ടീ സ്പൂൺ
മല്ലിയില (അരിഞ്ഞത്)....ഒരു ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് കുഴയാതെ വേവിച്ചെടുക്കുക. പനീറും കാപ്സിക്കവും ഒരു സ്പൂൺ എണ്ണയിൽ വഴറ്റി എടുക്കുക. നാലാമത്തെ ചേരുവകൾ നന്നായി അരച്ച് ഒന്നരക്കപ്പ് വെള്ളത്തിൽ കലക്കി തിളപ്പിക്കുക. ടുമാറ്റോ പ്യൂരിയും ഇഞ്ചി - വെളുത്തുള്ളി പേസ്റ്റും ചേർക്കുക. തിളക്കുമ്പോൾ ഉരുളക്കിഴങ്ങും പനീറും കാപ്സിക്കവും ഉപ്പും ചേർത്ത് ചെറുതീയിൽ വയ്ക്കുക. പച്ചകുരുമുളക് ചേർത്ത് കറി കുറുകുമ്പോൾ ഫ്രഷ് ക്രീമും കസൂരി മേത്തിയും ചേർത്ത് വാങ്ങി, വിളമ്പാനുള്ള ബൗളിലേക്ക് മാറ്റി മല്ലിയില വിതറി ചെറുചൂടോടെ ഉപയോഗിക്കാം.

ബേബി കോൺ മഞ്ചൂരിയൻ
ചേരുവകൾ
ബേബി കോൺ (മുക്കാൽ ഇഞ്ച്
നീളത്തിൽ മുറിച്ചത്)........... ഒരു കപ്പ്
കോൺഫ്ലവർ............. ഒരു ടീസ്പൂൺ
മൈദ.........................ഒരു ടീസ്പൂൺ
കുരുമുളകു പൊടി........... അര ടീസ്പൂൺ
ഉപ്പ് ................................രണ്ടു നുള്ള്
ഇഞ്ചി (ചെറുതായി
അരിഞ്ഞത്) .................... അര ടീസ്പൂൺ
വെളുത്തുള്ളി
(അരിഞ്ഞത്)...........ഒരു ടീസ്പൂൺ
സവാള (അരിഞ്ഞത്).... രണ്ട് ടേ. സ്പൂൺ
സ്പ്രിംഗ് ഒനിയൻ
(അരിഞ്ഞത്)........... ഒരു ടേ.സ്പൂൺ
കാപ്സികം
(അരിഞ്ഞത്) ............. ഒരു ടേ. സ്പൂൺ
വിനാഗിരി............. അരടീസ്പൂൺ
ടുമാറ്റോ സോസ്........... ഒരു ടീസ്പൂൺ
സോയാസോസ് ......... ഒരു ടീസ്പൂൺ
ചില്ലി സോസ് ............അര ടീസ്പൂൺ
പഞ്ചസാര ............ അരടീസ്പൂൺ
കോൺഫ്ലവർ
(കലക്കിയത്) ............... കാൽകപ്പ്
എണ്ണ ...................... ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ബേബി കോൺ പത്തുമിനിട്ട് ആവികയറ്റിയശേഷം തണുക്കാൻ വയ്ക്കുക. കോൺഫ്ലവറും മൈദയും കുരുമുളകുപൊടിയും ഉപ്പും അല്പം വെള്ളമൊഴിച്ച് ബേബി കോണും ചേർത്ത് നന്നായി കുഴച്ചു ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. ഒരു സ്പൂൺ എണ്ണയിൽ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. സവാള ചേർത്ത് രണ്ടു മിനിട്ട് ഇളക്കുക. കാപ്സിക്കവും ഇട്ടും നന്നായി ഇളക്കണം. വിനാഗിരിയും സോസുകളും പഞ്ചസാരയും കോൺഫ്ലവർ കലക്കിയതും കുറച്ച് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ബേബി കോണും ചേർത്ത് അഞ്ചു മിനിട്ട് വേവിക്കുക. സ്പ്രിംഗ് ഒനിയൻ വഴറ്റി മുകളിൽ ഇടുക.
ഉഴുന്ന് തേങ്ങ ലഡ്ഡു
ചേരുവകൾ
ഉഴുന്ന് പൊടിച്ചത് : മുക്കാൽ കപ്പ്
നെയ്യ്: മുക്കാൽ കപ്പ്
പഞ്ചസാര: ഒരു കപ്പ്
തേങ്ങാഉണക്കി
പൊടിച്ചത്: അര കപ്പ്
അണ്ടിപ്പരിപ്പ്: 3 ടേ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പത്തുവച്ച് ചൂടാക്കി നെയ്യൊഴിച്ച് ചൂടാക്കുക. ഉഴുന്ന് പൊടിയിടുക. വശങ്ങളിൽ നിന്നും മിശ്രിതം വിട്ടുവരുംവരെ വറുക്കുക. വാങ്ങിവച്ച് തേങ്ങാപ്പൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാര പൊടിച്ചതും ചേർത്ത് ഉരുളകളാക്കി വിളമ്പുക.