
മലയാള നാടിന് ശബ്ദം കൊണ്ട് അഭിമാനമായ കലാകാരനാണ് റസൂൽ പുക്കൂട്ടി. ജനിച്ച നാടിനെ അഭിമാന കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ് റസൂൽ ഒരിക്കൽ കൂടി. ചലച്ചിത്ര മേഖലയിലെ ഏറ്റവും വിലപ്പെട്ട പുരസ്കാരമായ ഓസ്ക്കാർ നേടി ആദ്യം മലയാളികൾക്ക് അഭിമാനമായി.തുടർന്ന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. ഇപ്പോളിതാ അറുപത്തിയേഴാമത് ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഒത്ത സെരുപ്പ് സൈസ് 7 എന്ന തമിഴ് ചിത്രത്തിലെ ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരത്തിന് അർഹനാക്കി. തനിക്ക് കിട്ടിയ പുരസ്കാരത്തിൽ സന്തോഷം അറിയിക്കുന്നതിനൊപ്പം ഈ അവാർഡിന് തന്റെ സഹപ്രവർത്തകനായ ബിബിൻ ദേവ് കൂടി അർഹനാണെന്ന് റസൂൽ പറഞ്ഞു.
1970 മെയ് 30ന് കൊല്ലം ജില്ലയിൽ അഞ്ചലിനു സമീപം വിളക്കുപാറയിൽ ജനിച്ചു. മലയാളം, ബോളിവുഡ് ,ഹോളിവുഡ് സിനിമകളിൽ പ്രവർത്തിച്ചു. 2008ൽ പ്രദർശനത്തിനെത്തിയ 'സ്ലംഡോഗ് മില്യണയർ" എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിന് ഓസ്ക്കാർ ലഭിച്ചു. കൂടാതെ ബാഫ്റ്റ പുരസ്ക്കാരവും 2009ൽ പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മിറ്റിയിലേക്ക് റസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തിരുന്നു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ പൂക്കുട്ടി. ചലച്ചിത്ര ശബ്ദലേഖനം എന്ന തന്റെ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകനായി മാറി.