
തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ഷാർജയിൽ മിഡിൽ ഈസ്‌റ്റ് കോളേജിന്റെ ശാഖ തുടങ്ങാൻ ഷാർജ ഭരണാധികാരിയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നതായി സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴി. തിരുവനന്തപുരത്തെ ലീലാ ഹോട്ടലിൽവച്ചായിരുന്നു ഈ ചർച്ച. വാക്കാൽ ഷാർജ ഭരണാധികാരി നൽകിയ ഉറപ്പിൽ ശ്രീരാമകൃഷ്‌ണൻ പിന്നീട് ഷാർജ സന്ദർശിക്കുകയും ചെയ്‌തിരുന്നതായാണ് വിവരം. ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ക്രൈംബ്രാഞ്ചിനെതിരായി നൽകിയ ഹർജിയിലാണ് സ്വപ്‌നയുടെ നിർണായക മൊഴിയുളളത്.
ലഫീർ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഒമാനിലെ മിഡിൽ ഈസ്‌റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാർജ ഭരണാധികാരിയുമായി സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ചർച്ച നടത്തിയത്. സ്‌പീക്കർക്കും ഈ സ്ഥാപനത്തിൽ ഷെയറുളളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്‌പീക്കർ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്‌തതായാണ് സ്വപ്‌നയുടെ മൊഴി.
എന്നാൽ സ്വപ്‌നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മറ്റ് തെളിവുകൾ ഇ.ഡി സമർപ്പിച്ചിട്ടില്ല. ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുൻപ് അറിയിച്ചത്. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമായി സ്‌പീക്കർ ഡോളർ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്. എന്നാൽ ഈ കേസിൽ സ്‌പീക്കറെ ഇതുവരെ ഇ.ഡിയ്‌ക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്‌പീക്കർക്ക് ഭരണഘടനാപരമായ സംരക്ഷണമുളളതാണ് ഇ.ഡിയ്‌ക്ക് തിരിച്ചടിയായത്. സ്‌പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലിൽ സ്വപ്‌ന ഒമാനിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദർശിച്ചിരുന്നതായാണ് വിവരം.