
കൊളറാഡോ: അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ കൊളറാഡോയിൽ നടന്ന വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ബോൾഡൻ നഗരത്തിലെ കിങ് ഷോപ്പേഴ്സ് എന്ന പലച്ചരക്ക് കടയിലാണ് വെടിവെപ്പ് നടന്നത്. തോക്കുമായി എത്തിയ അക്രമി കടയിലുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കടയ്ക്കുള്ളിൽ വെടിയൊച്ച കേട്ടയുടനെ ജനങ്ങൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അരമണിക്കൂറിനുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും സൂപ്പർ മാർക്കറ്റിൽ തോക്കുമായെത്തിയ ഒരാൾ അക്രമം നടത്തുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ആക്രമണം നടത്തിയാളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
കൊളറാഡോ സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിന്ന് 40 കിലോമീറ്റർ ഡെൻവറിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ആയുധധാരിയായ അക്രമി കടയുടെ മുമ്പിൽ കൂടിനിന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രദേശവാസികൾ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിവെപ്പിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കൊളറാഡോ ഗവർണർ ജറേദ് പൊളിസ് ഖേദം രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒന്നിലധികം പേരെ കസ്‌റ്റഡിയിലെടുത്തതായി പോലീസ് കമാൻഡർ കെറി യമഗുച്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിവെപ്പിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ ഒരാളെ പിടികൂടി കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അത്‌ലാന്റാ വെടിവെയ്പ്പ്
അമേരിക്കയിലെ അത്‌ലാന്റയിൽ ഏഷ്യൻ വംശജർക്കു നേരെയുണ്ടായ വെടിവെയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തി നേടുന്നതിന് മുൻപേയാണ് അടുത്ത വെടിവെയ്പ്പ്. കഴിഞ്ഞ ആഴ്ച അത്‌ലാന്റയിലെ 3 മസാജ് പാർലറുകൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിലാണ് 8 പേർ കൊല്ലപ്പെട്ടത്. ഇതിൽ 7 പേർ ഏഷ്യൻ വംശജരായ വനിതകളായിരുന്നു. 21 കാരനായ റോബർട്ട് ആറോൺ ലോംഗ് എന്ന യുവാവായിരുന്നു കൊലയാളി. സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അമേരിക്കയിൽ കറുത്ത വർഗക്കാർക്കും ഏഷ്യൻ വംശജർക്കുമെതിരെ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങൾ ഏവരേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്