
കസാൻ: റഷ്യയിലെ കസാനിൽ സർക്കസ് പ്രകടനത്തിനിടെ രണ്ട് ആനകൾ തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടം കാണികളിൽ ഭയപ്പാടുണ്ടാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാണികളുടെ സുരക്ഷയെ ചൊല്ലി സർക്കസ് കമ്പനിയെ വിമർശിച്ച് രംഗത്തെത്തി.
രണ്ട് പിടിയാനകൾ തമ്മിലുള്ള അടിപിടി ആദ്യമൊക്കെ കാണികൾക്ക് ഹരമായി തോന്നിയെങ്കിലും പിന്നീട് കാണികൾ ഭയന്ന് ചിതറിയോടാൻ തുടങ്ങി. ആർക്കാണ് അധികാരം എന്നതായിരുന്നു അവർക്കിടയിലെ തർക്കമെന്ന് പിന്നീട് സർക്കസിലെ ഒരു മൃഗപരിശീലകൻ പറഞ്ഞു.
ഗുസ്തി മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയ സംഭവത്തിൽ ഒരാനയെ മറ്റൊരാന തള്ളി ഇടുന്നതും പിന്നീട് വീണ്ടും മറിച്ചിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
മറ്റെയാൾ പ്രതിരോധിക്കുന്നുണ്ടെങ്കിലും ആദ്യത്തെ ആന പൂർണമായും ആധിപത്യം സ്ഥാപിക്കുന്നതു പോലെ കാണാം. കുറേനേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് പേരെയും പരിശീലകർ ഇരുവശത്തേക്ക് മാറ്റി. റഷ്യയിൽ പിടിയാനകൾ മാത്രമേ ഉള്ളുവെന്നതിനാൽ പിടിയാനകളെയാണ് സർക്കസ് കമ്പനികൾ ഉപയോഗിക്കുന്നത്.